Quantcast

മറ്റപ്പള്ളി സമരക്കാർക്ക് നേരെ പൊലീസ് ബലപ്രയോഗം ശരിയായില്ലെന്ന് മന്ത്രി പി. പ്രസാദ്

മറ്റപ്പള്ളി മല സന്ദർശിക്കാൻ മന്ത്രി എത്തിയപ്പോൾ പ്രദേശവാസികളിൽ ചിലർ കാലുപിടിച്ച് കരഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-11-16 13:38:40.0

Published:

16 Nov 2023 12:40 PM GMT

Minister P Prasad  said that the police action against the Matapalli protesters was not right.
X

ആലപ്പുഴ: നൂറനാട് മറ്റപ്പള്ളി മലയിലെ സമരക്കാർക്ക് നേരെ പൊലീസ് ബല പ്രയോഗം നടത്തിയത് ശരിയായില്ലെന്ന് മന്ത്രി പി. പ്രസാദ്. പ്രതിഷേധക്കാരുടേത് കേവലമായ വൈകാരിക പ്രശ്‌നമല്ലെന്നും അവരുടെ ജീവൽ പ്രശ്‌നമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എംഎൽഎയെ അടക്കം പൊലീസ് മർദ്ദിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈക്കോടതിയിൽ നാട്ടുകാർക്കൊപ്പം സർക്കാർ കൂടി കക്ഷി ചേരണമോയെന്ന് ഇന്നത്തെ സർവകക്ഷി യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. മറ്റപ്പള്ളി മല സന്ദർശിക്കാൻ മന്ത്രി എത്തിയപ്പോൾ പ്രദേശവാസികളിൽ ചിലർ കാലുപിടിച്ച് കരഞ്ഞു. കുടിയിറക്കരുതെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ കാലുപിടിച്ചു വയോധിക കരഞ്ഞതോടെ മന്ത്രിയുടെയും കണ്ണുനിറഞ്ഞൊഴുകി. മറ്റപ്പള്ളി മലയുടെ തൊട്ടടുത്താണ് മന്ത്രി പി പ്രസാദിന്റെ വസതി. സന്ദർശന സ്ഥലത്തു പ്രതിഷേധക്കാർക്കൊപ്പം മന്ത്രിയുടെ അമ്മയും എത്തിയിരുന്നു.

അതേസമയം, മറ്റപ്പള്ളി മലയിൽ മണ്ണെടുപ്പ് നിർത്തി വക്കാൻ ഇന്ന് നടന്ന സർവകക്ഷിയോഗത്തിൽ തീരുമാനമായി. പ്രദേശത്ത് എസ്ഒപി പഠനം നടത്തിയിട്ടില്ലെന്ന് യോഗം വിലയിരുത്തി. വിശദ പരിശോധന നടത്താൻ കലക്ടറെ ചുമതലപ്പെടുത്തി. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും വ്യക്തമാക്കി. പ്രദേശത്തുണ്ടായി പൊലീസ് നടപടി പരിശോധിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് ചുമതല നൽകി.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നവംബർ 13നാണ് മറ്റപ്പള്ളി മല തുരന്ന് മണ്ണെടുക്കുന്നതിനെതിരായ സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. സർവകക്ഷി യോഗം വരെ സമരം അവസാനിപ്പിക്കുന്നതായാണ് മാവേലിക്കര എം.എൽ.എ അരുൺകുമാർ പറഞ്ഞിരുന്നത്. മണ്ണെടുപ്പും നിർത്തി വച്ച സാഹചര്യത്തിലായിരുന്നു തീരുമാനം.

നേരത്തെ മന്ത്രി പി പ്രസാദ് കലക്ടറോട് സർവകക്ഷി യോഗം വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ അതിന് ശേഷവും മണ്ണെടുപ്പ് തുടർന്നതോടെ ജനങ്ങൾ തടിച്ചു കൂടുകയും മണ്ണ് കടത്തി കൊണ്ടു പോകുന്ന രണ്ട് വഴികൾ ഉപരോധിച്ചു കൊണ്ട് സമരം ശക്തിപ്പെടുത്തുകയുമായിരുന്നു. സമരം ശക്തമായതോടെ മന്ത്രിയുടെ പ്രതിനിധി ജില്ലാകലക്ടറുമായി സംസാരിക്കുകയും ജില്ലാകലക്ടർ എ.ഡി.എംനെ സമരക്കാർക്കരികിലേക്ക് ചർച്ചക്കായി അയക്കുകയും ചെയ്തു. എന്നാൽ സമരക്കാർ ഒരു വിട്ടു വീഴ്ച്ചക്കും തയ്യാറല്ലെന്ന് അറിയിച്ചു. ഇതോടു കൂടി മണ്ണെടുപ്പ് സർവകക്ഷിയോഗം വരെ നിർത്തി വെക്കാൻ തീരുമാനിക്കുകയായിരുന്നു.



TAGS :

Next Story