'ധാർമികത പണയം വെക്കാത്ത പാർട്ടിയാണ് കേരളകോൺഗ്രസ്'; മുന്നണി മാറ്റ അഭ്യൂഹങ്ങൾ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ
ഇടതുഭരണം തുടരും എന്നതിൽ സംശയം വേണ്ടെന്നും റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം എൽഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മുന്നണി വിടുന്നത് സംബന്ധിച്ച് എന്തിനാണ് ചർച്ച നടത്തേണ്ടതെന്നും അഭ്യൂഹങ്ങൾക്ക് അപ്പുറത്തേക്ക് വസ്തുത ഉണ്ടാകണ്ടേ എന്നും റോഷി അഗസ്റ്റിന്‍ ചോദിച്ചു.
'കഴിഞ്ഞ ദിവസം സത്യാഗ്രഹത്തിൽ പങ്കെടുക്കാത്തതിന് കാരണം ജോസ് കെ. മാണി വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലത്തെ ഉപവാസം സമരത്തിൽ ഞങ്ങൾ അഞ്ചുപേർ പങ്കെടുത്തിരുന്നു. കേരള കോൺഗ്രസ് പാർട്ടിയുടെ കാര്യത്തിൽ ഒരു സഭയും ഇടപെട്ടിട്ടില്ല.ഇടതുഭരണം തുടരും എന്നതിൽ സംശയം വേണ്ട.കേരള കോൺഗ്രസിനെ കുറിച്ച് എന്നും വ്യത്യസ്തമായ വാർത്തകൾ പുറത്തുവരും.മുന്നണിയുടെ ജാഥ നയിക്കാൻ ജോസ് കെ മാണിയെ അല്ലേ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും' അദ്ദേഹം പറഞ്ഞു.
'ക്രെഡിബിലിറ്റിയും ധാർമികതയും ഉള്ള പാർട്ടിയാണിത്. അവ ഒരു കാലത്തും പണയപ്പെടുത്തില്ല. യുഡിഎഫില്‍ നിന്ന് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും വ്യക്തിപരമായ സൗഹൃദം എന്നും തുടരുമെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. യുഡിഎഫിൽ ഇരിക്കുമ്പോൾ എൽഡിഎഫിലെ ഒരു നേതാക്കളുമായും പിണക്കം ഉണ്ടായിരുന്നില്ല'.ആലോചിച്ചു തന്നെയാണ് എൽഡിഎഫിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി മാറ്റ അഭ്യൂഹങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇടതുമുന്നണി തിങ്കളാഴ്ച നടത്തിയ ഏകദിന സത്യാഗ്രഗത്തിൽനിന്നുള്ള ചിത്രം 'തുടരും' എന്ന അടിക്കുറിപ്പോടെ റോഷി അഗസ്റ്റിൻ പങ്കുവെച്ചിരുന്നു.
അതിനിടെ, മുന്നണിവിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയിൽ അനിശ്ചിതത്വം തുടരുകയാണ്.ജാഥ നയിക്കാൻ ഇല്ലെന്ന് ജോസ് കെ. മാണി നേതൃത്വത്തെ അറിയിച്ചു. പകരം എൻ ജയരാജിന്റെ പേര് നിർദ്ദേശിച്ചതായും സൂചന. ജോസ് കെ. മാണിയുടെ നീക്കത്തിൽ സിപിഎമ്മിന് അതൃപ്തി. ജോസ് ഇല്ലങ്കിൽ ജാഥ ക്യാപ്റ്റൻ സ്ഥാനം സിപിഎം ഏറ്റെടുത്തേക്കും.
ജോസ് കെ. മാണിക്കായിരുന്നു ജാഥയുടെ ചുമതലയുണ്ടായിരുന്നത്. ഫെബ്രുവരി ആറിന് അങ്കമാലിയില്‍ നിന്നാരംഭിച്ച് 13 ന് ആറന്മുളയില്‍ സമാപിക്കുന്ന രീതിയിലാണ് ജാഥ തീരുമാനിച്ചിരുന്നത്. എന്നാല്‍ ജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറുകയാണെന്ന് ജോസ് കെ. മാണി അറിയിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണനെ നേരിട്ട് ഇക്കാര്യം അറിയിക്കുകയും ചെയ്തു.ജാഥ നയിക്കാന്‍ വ്യക്തിപരമായ അസൗകര്യങ്ങളുണ്ടെന്നും ചീഫ് വിപ്പ് എന്‍.ജയരാജിന്‍റെ പേര് നിര്‍ദേശിക്കുകയും ചെയ്തു.എന്നാല്‍ ജാഥ ജോസ് കെ. മാണി നയിക്കണമെന്നാണ് എല്‍ഡിഎഫ് ആവശ്യപ്പെട്ടത്. ഇതില്‍ ജോസ് കെ മാണി മറുപടി നല്‍കിയിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം.
Adjust Story Font
16

