Quantcast

'ഹൂ കെയേർസ് അല്ല, വീ കെയർ...'; ശാരീരിക- മാനസിക പീഡനങ്ങള്‍ ഏൽക്കുന്ന സ്ത്രീകൾക്ക് 181ൽ വിളിക്കാമെന്ന് മന്ത്രി വീണാ ജോർജ്

സഹായങ്ങളുമായി 24 മണിക്കൂറും 181 എന്ന ഹെൽപ്പ് ലൈൻ നമ്പർ ഉണ്ടെന്നും നേരിട്ടുവിളിക്കാമെന്നും മന്ത്രി അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    24 Nov 2025 10:58 PM IST

Minister Veena George says women facing physical and mental abuse can call 181
X

തിരുവനന്തപുരം: ശാരീരിക- മാനസിക പീഡനങ്ങളോ അതിക്രമങ്ങളോ ഏൽക്കേണ്ടിവരുന്ന സ്ത്രീകൾക്ക് ഏത് സമയവും സംസ്ഥാന സർക്കാരിന് കീഴിലുള്ള വനിതാ വികസന കോർപറേഷന്റെ കൺട്രോൾ റൂമിൽ വിളിക്കാമെന്നും നീതിപൂർവമായ ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി വീണാ ജോർജ്. കൗൺസലിങ്, നിയമോപദേശം, അടിയന്തര സംരക്ഷണം തുടങ്ങിയ സഹായങ്ങളുമായി 24 മണിക്കൂറും 181 എന്ന ഹെൽപ്പ് ലൈൻ നമ്പർ ഉണ്ടെന്നും നേരിട്ടുവിളിക്കാമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

'ഹൂ കെയേഴ്‌സ് അല്ല, വീ കെയർ'- എന്ന തലക്കെട്ടിലുള്ള പോസ്റ്റർ പങ്കുവച്ചാണ് മന്ത്രിയുടെ പോസ്റ്റ്. ജീവിതത്തില്‍ തോറ്റ് പോകരുത്. ഏറെ വിശ്വസിച്ച വ്യക്തികളിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ ജീവിതത്തില്‍ പലർക്കും തിക്താനുഭവങ്ങള്‍ ഉണ്ടായേക്കാം. തളര്‍ന്ന് പോകരുത്‌. മടിച്ച് നിൽക്കാതെ നേരിടാം. വ്യക്തി മര്യാദകളും ജനാധിപത്യമര്യാദകളും വിട്ട് ഭീഷണിയിലേക്കും ബ്ലാക്ക്മെയ്‌ലിങ്ങിലേക്കും വാക്കുകള്‍ മാറിയാൽ, ശാരീരികവും മാനസികവുമായുള്ള പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നാല്‍ ചെറുക്കാം- മന്ത്രി പറയുന്നു.

നിങ്ങളുടെ സ്വകാര്യത നിലനിർത്തിക്കൊണ്ട് തന്നെ നീതി ലഭിക്കാന്‍, പ്രതിസന്ധികളെ അതിജീവിക്കാന്‍, ജീവിതത്തിലെ സ്വപ്നങ്ങള്‍ തിരിച്ചുപിടിക്കാന്‍ സംസ്ഥാന സർക്കാരും വനിതാ വികസന കോർപ്പറേഷനും ഒപ്പം ഉണ്ട്- മന്ത്രി കൂട്ടിച്ചേർത്തു.

'ഹൂ കെയേഴ്‌സ് അല്ല, വീ കെയർ... ഒപ്പമുണ്ട് എപ്പോഴും കെഎസ്ഡബ്ല്യുഡഡിസി. അതിക്രമങ്ങൾ നേരിടുന്നവർ ഒരിക്കലും ഒറ്റയ്ക്കാകില്ല. ഏത് പ്രതിസന്ധിയിലും ഏത് സമയത്തും വിളിക്കൂ. നിങ്ങളുടെ സ്വകാര്യതയെ മാനിച്ച് തന്നെ നീതിപൂർവമായ ഇടപെടൽ ഉറപ്പ്. സ്ത്രീകൾക്കായി 24 മണിക്കൂറും കൺട്രോൾ റൂം, സ്ത്രീകൾക്കെതിരായ അതിക്രമം തടയാം'- പോസ്റ്ററിൽ പറയുന്നു.


TAGS :

Next Story