വയനാട്ടിലെ ഭൂമുഴക്കം; മലപ്പുറത്തും മുഴക്കമുണ്ടായെന്ന് നാട്ടുകാർ, കോഴിക്കോട്ടും പ്രകമ്പനം
കരിപ്പൂർ വിമാനത്താവളത്തിന് സമീപമാണ് മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നത്.

മലപ്പുറം: വയനാട്ടിൽ വിവിധയിടങ്ങളിൽ ഭൂമുഴക്കമുണ്ടായ സാഹചര്യത്തിൽ മലപ്പുറം കരിപ്പൂരിലും മുഴക്കം കേട്ടതായി നാട്ടുകാർ. കരിപ്പൂർ വിമാനത്താവളത്തിന് സമീപം മാതാംകുളത്താണ് മുഴക്കം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 10.30 ഓടെയാണ് വലിയ ശബ്ദമുണ്ടായത്. ഇടിമിന്നലാണെന്നാണ് ആദ്യം കരുതിയതെന്നും പിന്നീടാണ് വയനാട്ടിൽ ഭൂമുഴക്കം ഉണ്ടായത് അറിഞ്ഞതെന്നും നാട്ടുകാർ പറയുന്നു. കോഴിക്കോട് കൂടരഞ്ഞിയിലും മുക്കത്തും പ്രകമ്പനമുണ്ടായതായി നാട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.
ഇന്ന് പത്തുമണിയോടു കൂടിയാണ് വയനാട്ടിലെ വിവിധയിടങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് അസാധാരണ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നത്. ഇടിമുഴക്കം പോലെയുള്ള ശബ്ദം കേട്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം, വയനാട്ടില്‍ ഭൂചലനം ഉണ്ടായതായി കണ്ടെത്തിയിട്ടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. ഭൂകമ്പമാപിനിയില്‍ ചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. കെ.എസ്.ഇ.ബിയുടെ ഭൂകമ്പ മാപിനിയിലും ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല.
അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തരകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചത്. പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.
Adjust Story Font
16

