Quantcast

ഗ്രഹാം സ്റ്റെയിൻസിന്റെ ഓർമ വേദനയായി നിൽക്കുന്നു; ന്യൂനപക്ഷങ്ങൾ കടുത്ത ആശങ്കയിൽ-മാർത്തോമ സഭാധ്യക്ഷൻ

''ഗസ്സ ഉൾപ്പെടെ ലോകത്ത് 21 സ്ഥലങ്ങളിൽ ഇപ്പോൾ യുദ്ധം നടക്കുന്നുണ്ട്. ഗസ്സയിൽ അഭയാർത്ഥി ക്യാംപുകൾ ആക്രമിക്കപ്പെടുന്നതും കുഞ്ഞുങ്ങൾ പോലും കൂട്ടക്കുരുതിക്ക് ഇരയാകുന്നതും ദുഃഖകരമായ അവസ്ഥ.''

MediaOne Logo

Web Desk

  • Updated:

    2024-02-12 15:03:35.0

Published:

12 Feb 2024 1:49 PM GMT

Dr. Theodosius Mar Thoma, Metropolitan of the Malankara Mar Thoma Syrian Church
X

മാർത്തോമ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ്

പത്തനംതിട്ട: ഗ്രഹാം സ്റ്റെയിൻസും കുടുംബവും കൊലചെയ്യപ്പെട്ടതിന്റെ ഓർമ വേദനയായി നിൽക്കുകയാണെന്ന് മാർത്തോമ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത. ന്യൂനപക്ഷങ്ങൾ കടുത്ത ആശങ്കയിലാണെന്നും പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പമ്പാ മണപ്പുറത്ത് 129-ാമത് മാരാമൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു. നിൽക്കണമോ അതോ പോകണമോ എന്ന് ജനാധിപത്യം ലോകത്തോട് ചോദിക്കുന്ന അവസ്ഥയാണ്. ഗ്രഹാം സ്‌റ്റെയിൻസും കുടുംബവും കൊലചെയ്യപ്പെട്ടതിന്റെ വാർഷികത്തിൽ ആ ഓർമ വേദനയായി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾ ചേർത്തുപിടിക്കാനുള്ള അവസരമായി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കാണണമെന്നും മെത്രാപ്പോലീത്ത ഡോ. തിയഡോഷ്യസ് ആഹ്വാനം ചെയ്തു. ജനങ്ങളുടെ സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയും വ്യക്തികൾക്ക് അന്തസ്സോടെ ജീവിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യേണ്ടത് ഭരണം നടത്തുന്നവരുടെ ഉത്തരവാദിത്തമാണ്. ചിലപ്പോഴെങ്കിലും കാര്യങ്ങൾ കൈവിട്ടുപോകുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ന്യൂനപക്ഷങ്ങൾ കടുത്ത ആശങ്കയിലാണ്, പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ജെ.ബി കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാൻ നടപടിയുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

''യുവാക്കൾക്കു സഹിഷ്ണുത നഷ്ടപ്പെട്ടിരിക്കുന്നു. അവർ നിരാശയിലാണ്. ഈ സാഹചര്യത്തിൽ ഉപരിപഠനത്തിനായി നാടുവിടുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നതും ആശങ്കാജനകമാണ്.''

ഗസ്സ ഉൾപ്പെടെ ലോകത്ത് 21 സ്ഥലങ്ങളിൽ ഇപ്പോൾ യുദ്ധം നടക്കുന്നുണ്ട്. ഗസ്സയിൽ അഭയാർത്ഥി ക്യാംപുകൾ ആക്രമിക്കപ്പെടുന്നതും കുഞ്ഞുങ്ങൾ പോലും കൂട്ടക്കുരുതിക്ക് ഇരയാകുന്നതും ദുഃഖകരമായ അവസ്ഥയാണെന്നും മെത്രാപ്പോലീത്ത ഡോ. തിയഡോഷ്യസ് മാർത്തോമ കൂട്ടിച്ചേർത്തു.

Summary: ''The memory of Graham Staines remains painful; Minorities are deeply worried'': Says Dr. Theodosius Mar Thoma, Metropolitan of the Malankara Mar Thoma Syrian Church

TAGS :

Next Story