വെട്ടിക്കുറച്ച ന്യൂനപക്ഷ സ്കോളർഷിപ്പ് പുന:സ്ഥാപിച്ചു- മീഡിയവൺ ഇംപാക്ട്
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സംസ്ഥാന സർക്കാർ ന്യൂനപക്ഷ സ്കോളർഷിപ്പ് തുക വെട്ടിക്കുറച്ചത് പുറത്തുകൊണ്ടുവന്നത് മീഡിയവണായിരുന്നു
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് 50 ശതമാനം വെട്ടിക്കുറിച്ചത് പുനസ്ഥാപിച്ച് സംസ്ഥാന സർക്കാർ. സ്കോളർഷിപ്പ് വെട്ടിക്കുറച്ച് ജനുവരി15 ന് പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കി പൊതുഭരണ വകുപ്പ് പുതിയ ഉത്തരവിറക്കി. ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുയർന്ന പ്രതിഷേധത്തെ തുടർന്നാണ് സർക്കാർ നടപടി. ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ചത് പുറത്തു കൊണ്ടുവന്നത് മീഡിയവണായിരുന്നു.
ജനുവരി 15ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ 165/2025 നമ്പർ ഉത്തരവിലൂടെയാണ് ന്യൂനപക്ഷ സ്കോളർഷിപ്പുകൾ സർക്കാർ വെട്ടിക്കുറിച്ചത്. ഇന്ന് പൊതുഭരണ വകുപ്പ് പുറത്തിക്കിയ പുതിയ ഉത്തരവിലൂടെ ഈ വെട്ടിക്കുറക്കൽ സർക്കാർ തിരുത്തി. ജനുവരി 15ലെ ഉത്തരവ് റദ്ദാക്കുന്നതായും ബജറ്റില് അനുവദിച്ചത് പ്രകാരം മുഴുവന് തുകയും നിലനിർത്തുന്നതായും ഉത്തരവിൽ പറയുന്നു.
ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ചെന്ന വാർത്ത മീഡിയവൺ പുറത്തുവിട്ടതിന് പിന്നാലെ മുസ്ലിം - ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്ന് വലിയ പ്രതിഷേധമാണ് ഉയർന്നത്. പ്രതിപക്ഷം നിയമസഭക്കകത്തും വിഷയം ഉയർത്തി. ഇതിന് പിന്നാലെയാണ് വെട്ടിക്കുറച്ച സ്കോളർഷിപ്പ് പുനസ്ഥാപിച്ച് സർക്കാർ പുതിയ ഉത്തരവിറക്കിയത്.
ജോസഫ് മുണ്ടശ്ശേരി, മദർതെരേസ്, എപിജെ അബ്ദുൽകലാം സ്കോളർഷിപ്പുകൾ, സിവിൽ സർവീസ് റീ ഇംബേഴ്സ്മെന്റ്, വിദേശത്ത് പഠിക്കുന്നതിനനുള്ള ധനസഹായം, സിഎ വിദ്യാർഥികൾക്കുള്ള ഫീസ്, യുജിസി കോച്ചിങ് ഫീസ്, ഐ ടി സി ഫീസ് റീ ഇംബേഴ്സ്മെന്റ് എന്നിങ്ങനെ 9 ഇനം സ്കോളർഷിപ്പുകളാണ് 50 ശതമാനമായി വെട്ടിക്കുറച്ചിരുന്നത്. ഇനി ബജറ്റ് പ്രകാരമുള്ള മുഴുവൻ തുകയും ഈ സ്കോളർഷിപ്പുകളുടെ വിതരണത്തിനായി ലഭിക്കും.
വലിയ രാഷ്ട്രീയ പ്രത്യഘാതമുണ്ടാക്കാവുന്ന നടപടിയാണ് സർക്കാർ ഇന്ന് തിരുത്തിയത്. ന്യൂനപക്ഷ പദ്ധതിയുടെ ഫണ്ട് വിനിയോഗം നാമമാത്രമാണെന്ന വിവരം പുറത്തു വന്ന സാഹചര്യത്തിൽ മുഴുവൻ സ്കോളർഷിപ്പുകളും മാർച്ച് 31നകം വിതരണം ചെയ്യുക എന്ന വെല്ലുവിളിയാണ് ന്യൂനപക്ഷവകുപ്പിനെ കാത്തിരിക്കുന്നത്.
Adjust Story Font
16

