അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ ആനയെ മയക്കുവെടി വെച്ചു; ഇനി ചികിത്സ
പതിനാലാം ബ്ലോക്കിലാണ് ആനയുണ്ടായിരുന്നത്

തൃശൂര്‍: അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ ആനയെ മയക്കുവെടി വെച്ചു. ചികിത്സിക്കാനുള്ള ദൗത്യത്തിന്‍റെ ഭാഗമായാണ് മയക്കുവെടി വച്ചത്. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 20 അംഗ ദൗത്യസംഘം പ്രദേശത്ത് തമ്പടിച്ചിരുന്നു. പതിനാലാം ബ്ലോക്കിലാണ് ആനയുണ്ടായിരുന്നത്. ആനക്കൊപ്പം മറ്റൊരു ആന കൂടിയുണ്ടായിരുന്നു.
ഏഴാറ്റുമുഖം ഗണപതി എന്ന മറ്റൊരു കൊമ്പനെ ചാരിയായിരുന്നു ആന മുന്നോട്ടു പോയത്. പടക്കം പൊട്ടിച്ചതോടെ ഗണപതി മസ്കത്തിൽ പരിക്കേറ്റ കൊമ്പനെ തട്ടിയിട്ട ശേഷം മുന്നോട്ടു ഓടിപ്പോയി. ഡോക്ടർമാർ ആനയുടെ മുറിവ് ക്ലീൻ ചെയ്തുകൊണ്ടിരിക്കുകയാണ്. ജെസിബി ഉപയോഗിച്ച് വഴി തുരന്ന ശേഷം ആനയെ ലോറിയിലേക്ക് എടുത്തു കയറ്റും.
ആനയെ മയക്കുവെടി വെച്ച് കഴിഞ്ഞ 24ന് ചികിത്സ നൽകിയതാണെങ്കിലും നില വഷളായതിനെ തുടർന്നാണ് കോടനാടേക്ക് മാറ്റി ചികിത്സ നൽകാൻ വനം വകുപ്പ് തീരുമാനിച്ചത്. ആനയെ ചികിത്സിക്കുന്നതിന് കോടനാട്ടിലെ കൂട് അനുയോജ്യമാണോ എന്ന് ഡോക്ടർ അരുൺ സക്കറിയ പരിശോധിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. കോടനാട് ആനപരിപാലന കേന്ദ്രത്തിൽ അരിക്കൊമ്പനായി നിർമ്മിച്ച കൂടാണ് പരിശോധനക്ക് വിധേയമാക്കിയത്. കൂട് അനുയോജ്യമെങ്കിൽ ദൗത്യം ഉടൻ ആരംഭിക്കാനും കുങ്കി ആനകളെയും ദൗത്യത്തിന് ഉപയോഗിക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു.
Adjust Story Font
16

