Quantcast

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: ഇഡിക്ക് മുന്നിൽ ഹാജരാകുന്നതിന് മുമ്പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.കെ കണ്ണൻ

ഒരാഴ്ചക്കുള്ളിൽ നിക്ഷേപകർക്ക് പണം തിരികെ നൽകി പ്രശ്നം പരിഹരിക്കാനാണ് നീക്കം നടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-09-29 10:59:33.0

Published:

29 Sept 2023 12:53 PM IST

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: ഇഡിക്ക് മുന്നിൽ ഹാജരാകുന്നതിന് മുമ്പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.കെ കണ്ണൻ
X

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം നേതാവ് എം.കെ കണ്ണൻ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ബാങ്കിൽ നിന്ന് 18 കോടി തട്ടിയെന്ന് ഇ.ഡി പറയുന്ന അനിൽകുമാറും ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. റിട്ട. എസ്.പി കെ.എം ആന്റണിയെയും മുൻ ഡി.വൈ.എസ്.പി ഫേമസ് വർഗീസിനെയും ഇഡി ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്.

അതേസമയം, ഇ.ഡിക്ക് മുന്നില്‍ ഹാജരാകുന്നതിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ കൂടിയായ എം.കെ. കണ്ണന്‍ കൂടിക്കാഴ്ച നടത്തി. കരുവന്നൂർ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയാണ് കൂടിക്കാഴ്ചയിൽ ഉണ്ടായതെന്നാണ് വിവരം. തൃശൂർ രാമ നിലയത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ പോകും വഴി രാവിലെ എട്ടരയോടെയാണ് എം.കെ കണ്ണൻ രാമനിലയത്തിലെത്തിയത്. കൂടിക്കാഴ്ച 15 മിനിറ്റ് നേരം നീണ്ടു നിന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല മുഖ്യമന്ത്രിയുമായി സംസാരിച്ചതെന്ന് ഇ ഡി ഓഫീസിലെത്തിയ എം.കെ കണ്ണൻ മാധ്യമങ്ങളോട് പറഞ്ഞു

കരുവന്നൂർ ബാങ്ക് പ്രതിസന്ധി പരിഹരിക്കാൻ കേരള ബാങ്കിൽ നിന്ന് 50 കോടി രൂപ അഡ്വാൻസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടിക്കാഴ്ചയിൽ ചർച്ച ആയതെന്നാണ് സൂചന. ഒരാഴ്ചക്കുള്ളിൽ നിക്ഷേപകർക്ക് പണം തിരികെ നൽകി പ്രശ്നം പരിഹരിക്കാനാണ് നീക്കം നടക്കുന്നത്. കേരളാ ബാങ്ക് മുടക്കുന്ന തുക പിന്നീട് സഹകരണ ബാങ്കുകളുടെ കൺസോഷ്യത്തിൽ നിന്ന് സമാഹരിക്കും. ഇത് സംബന്ധിച്ച് കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. കരുവന്നൂർ സഹകരണ ബാങ്കിലേക്ക് കൂടുതൽ നിക്ഷേപകരെ എത്തിക്കാനുള്ള നീക്കങ്ങളും സി.പി.എം നേതൃത്വം നടത്തുന്നുണ്ട്.

TAGS :

Next Story