Quantcast

കുരങ്ങുവസൂരി സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്ക് 35 പേരുമായി സമ്പർക്കമുണ്ടെന്ന് കലക്ടർ

''രോഗി സഞ്ചരിച്ച ഓട്ടോയുടെയും ടാക്‌സിയുടെയുംഡ്രൈവർമാരെ കണ്ടെത്താനായില്ല''

MediaOne Logo

Web Desk

  • Updated:

    2022-07-15 09:08:27.0

Published:

15 July 2022 8:58 AM GMT

കുരങ്ങുവസൂരി സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്ക് 35 പേരുമായി സമ്പർക്കമുണ്ടെന്ന് കലക്ടർ
X

കൊല്ലം: കുരങ്ങുവസൂരി സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്ക് 35 പേരുമായി സമ്പർക്കമുണ്ടെന്ന് കൊല്ലം ജില്ലാകലക്ടർ അഫ്‌സാന പർവീൺ. ഇവരെ ദിവസവും രണ്ട് തവണ വിളിച്ച് കാര്യങ്ങൾ തിരക്കുന്നുണ്ട്. രോഗി സഞ്ചരിച്ച ഓട്ടോയുടെയും ടാക്‌സിയുടെയുംഡ്രൈവർമാരെ കണ്ടെത്താൻ ആയിട്ടില്ല. ജില്ലയിൽ കർശന പരിശോധന നടത്തും. വിദേശത്ത് നിന്നു എത്തുന്നവരേയും ഹജജ് കഴിഞ്ഞ് എത്തുന്നവരെ നിരീക്ഷിക്കുമെന്നും കർശന പരിശോധന നടത്തുമെന്നും ജില്ലാ കലക്ടർ പറഞ്ഞു.

ജൂലൈ 5നാണ് ഇയാള്‍ക്ക് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. വീട്ടിൽ എത്തിയ ശേഷമാണ് സ്വകാര്യ ആശുപത്രയിലേക്ക് പോയത്. അറ് പേരുമായി അടുത്ത സമ്പർക്കമുണ്ടായിട്ടുണ്ട്. ഇവർ കുടുംബത്തിൽ പെട്ടവർ തന്നെയാണ്. എല്ലാവരും വീട്ടിൽ നിരീക്ഷണത്തിൽ തന്നെയാണ്. പുനലൂർ ഗവൺമെന്റ് ആശുപത്രിയിൽ പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്നും നിലവിൽ കണ്ടൈൻമെന്റ് സോണിന്റെ ആവശ്യമില്ലെന്നും കലക്ടർ അറിയിച്ചു.

അതേസമയം രാജ്യത്ത് ആദ്യമായി കുരങ്ങുവസൂരി സ്ഥിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും മുൻകരുതൽ സ്വീകരിക്കണം. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് വളരെ അടുത്ത് സമ്പർക്കമുണ്ടെങ്കിൽ മാത്രമേ രോഗം പകരൂ. നിലവിൽ രോഗം സ്ഥിരീകരിച്ച ആളുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ 21 ദിവസമാണ് ഇൻകുബേഷൻ പിരീയഡ്. രോഗം സ്ഥിരീകരിച്ച ആളുമായി അടുത്ത് സമ്പർക്കത്തിൽ വന്നവർക്ക് ആരോഗ്യപ്രശ്‌നങ്ങളില്ല.

ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കുരങ്ങ് വസൂരിയുമായി ബന്ധപ്പെട്ട് രോഗലക്ഷണമുള്ളവരെ കണ്ടെത്തി നിരീക്ഷണം ശക്തമാക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനെ പോലെ കുരങ്ങ് വസൂരിയെയും നമുക്ക് പ്രതിരോധിക്കാനാകുമെന്ന് മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യസംഘം ഉടൻ കേരളത്തിൽ എത്തും.

കുരങ്ങുവസൂരി പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും വ്യാപനം തടയുന്നതിനും ആവശ്യമായ സഹായം നൽകുന്നതിനായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധ സംഘത്തെ അയക്കുന്നത്. ഡൽഹി നാഷണൽ സെൻറർ ഫോർ ഡിസീസ് കൺട്രോളിലെ ജോയിന്റ് ഡയറക്ടർ ഡോ സാങ്കേത് കുൽക്കർണി, ആർ.എം.എൽ ആശുപത്രിയിലെ മൈക്രോബയോളജി വകുപ്പ് അസോസിയേറ്റ് പ്രൊഫസർ ഡോ അരവിന്ദ് കുമാർ അച്ഛ്‌റ, ഡെർമറ്റോളജിസ്റ്റ് ഡോ അഖിലേഷ് തോലേ തുടങ്ങിയവരാണ് കേന്ദ്രസംഘത്തിലുള്ളത്. കേരളത്തിലെ സ്ഥിതി കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. മറ്റ് സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

TAGS :

Next Story