കള്ളക്കേസ്,ഹൃദ്രോഗിക്ക് മർദനം: ഹിൽ പാലസ് പൊലീസിനെതിരെ കൂടുതൽ പരാതികൾ
ലഹരി മാഫിയയ്ക്കെതിരെ പരാതി നൽകിയെന്ന പേരിൽ കളളക്കേസിൽ കുടുക്കി മർദിച്ചുവെന്നാണ് ഏരൂർ സ്വദേശിയുടെ പരാതി

തൃപ്പുണിത്തുറ: കസ്റ്റഡി മരണത്തിൽ വിവാദത്തിലായ തൃപ്പുണിത്തുറ ഹിൽ പാലസ് പൊലീസിനെതിരെ കൂടുതൽ പരാതികൾ. ലഹരി മാഫിയയ്ക്കെതിരെ പരാതി നൽകിയെന്ന പേരിൽ കളളക്കേസിൽ കുടുക്കി മർദിച്ചുവെന്നാണ് ഏരൂർ സ്വദേശിയുടെ പരാതി. മറ്റൊരു കേസിൽ ഹൃദ്രോഗിയെ കസ്റ്റഡിയിലെടുത്ത് മർദിച്ചുവെന്നും പരാതിയുണ്ട്.
എരൂർ സ്വദേശിയായ അനിൽപ്രഭയും തൃപ്പൂണിത്തുറ സ്വദേശിയായ രാജേഷുമാണ് നിലവിൽ ഹിൽ പാലസ് പൊലീസിനെതിരെ പരാതി നൽകിയിരിക്കുന്നത്. ലഹരി മാഫിയയ്ക്കെതിരെ പരാതി നൽകിയ കേസിൽ 17ാം തീയതി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുന്നതിന് മുമ്പേ സിഐ ഉൾപ്പടെയുള്ളവർ അസഭ്യം പറയുകയും മർദിക്കുകയും ചെയ്‌തെന്നാണ് അനിൽപ്രഭയുടെ പരാതി. ഇതിനെതിരെ കമ്മിഷണർക്ക് പരാതി നൽകിയതോടെ കള്ളക്കേസിൽ കുടുക്കി മർദിച്ചുവെന്നും ഇദ്ദേഹം പറയുന്നു.
കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ പൊലീസ് കസ്റ്റഡിയിലെടുത്ത മനോഹരൻ കുഴഞ്ഞു വീണ് മരിച്ചത് വലിയ വിവാദമായിരുന്നു. അലക്ഷ്യമായി ഇരുചക്രവാഹനം ഓടിച്ചു വരുന്നതിനിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയതിനെ തുടർന്ന് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്നാണ് പൊലീസിന്റെ വാദം. സംഭവത്തിൽ സ്റ്റേഷൻ എസ്.ഐ ജിമ്മി ജോസിനെ സസ്‌പെൻഡ് ചെയ്തിരുന്നു.
പൊലീസ് മർദനമാണ് മരണകാരണമെന്നാണ് മനോഹരന്റെ ബന്ധുക്കളുടെ മൊഴി. വരും ദിവസങ്ങളിൽ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇതിന് ശേഷമാവും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് കൈമാറുക.
തൃപ്പൂണിത്തുറയിൽ ഹോട്ടൽ നടത്തുന്ന കോഴിക്കോട് സ്വദേശികളായ സഹോദരങ്ങളെ മർദിച്ച കേസിലും ഹിൽ പാലസ് പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
Adjust Story Font
16

