കടലിൽ വീണത് 25ലധികം കണ്ടെയ്‌നർ; എറണാകുളത്തും തൃശൂരും ജാഗ്രതാ നിർദേശം
24 മണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായിട്ടില്ലെന്ന് അഴീക്കൽ പോർട്ട് പിആർഒ അരുൺകുമാർ

കോഴിക്കോട്: കേരളതീരത്ത് കത്തിയ ചരക്ക് കപ്പലിന് സമീപം രക്ഷാദൗത്യം തുടരുന്നു. തീ നിയന്ത്രണവിധേയമാക്കാനായിട്ടില്ല. കപ്പൽ മുങ്ങിപോകാതിരക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. കാണാതായ നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഡിഫന്‍സ് പിആര്‍ഒ അതുല്‍പിള്ള പറഞ്ഞു.
'ഏഴു കപ്പലുകളും അഞ്ച് ഡോണിയർ വിമാനങ്ങളുമാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഐഎന്‍സ് സുലേജും കോസ്റ്റ് ഗാർഡിന്റെ സമർഥ് കപ്പലും രക്ഷാദൗത്യത്തിന്റെ ഭാഗമാകും. ഇന്നലെ കപ്പലിന്‍റെ അടുത്തേക്ക് പോകാന്‍ സാധിച്ചിരുന്നില്ല.എന്നാല്‍ ഇന്ന് കോസ്റ്റ് ഗാര്‍ഡ് കപ്പലിന്‍റെ അടുത്തെത്തി വെള്ളം സ്പ്രേ ചെയ്യാനും സാധിച്ചിട്ടുണ്ട്. കണ്ടെയ്നര്‍ ഒഴുകി നടക്കുന്നതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. തീ നിയന്ത്രണവിധേയമാക്കിയാല്‍ ബാക്കി കാര്യങ്ങള്‍ എളുപ്പമാകും'. തീപിടിച്ച കപ്പല്‍ ഇപ്പോള്‍ ഒഴുകി നടക്കുന്നില്ലെന്നും അതുല്‍പിള്ള പറഞ്ഞു.
അതേസമയം, കപ്പലിൽ തീ അണക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രത്യേക സാൽവേജ് ടീം ഇന്ന് പുലർച്ചെ കൊച്ചിയിൽ നിന്ന് പുറപ്പെട്ടുവെന്നും അഴീക്കൽ പോർട്ട് പിആർഒ ക്യാപ്റ്റൻ അരുൺകുമാർ പറഞ്ഞു. 25 ഓളം കണ്ടയ്നറുകൾ കടലിൽ വീണിട്ടുണ്ട്.അത് കടലിൽ നിന്ന് തന്നെ ഉയർത്തി എടുത്ത് കൊണ്ടു വരാൻ ശ്രമം തുടരുകയാണ്. എറണാകുളം, തൃശൂർ ജില്ലകളിലെ കടലോരങ്ങളിൽ കണ്ടയ്നറുകൾ അടിയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തീ പിടിക്കുന്നതും വിഷാംശമുള്ളതുമായ വസ്തുക്കളാണ് കപ്പലിലെ കണ്ടെയ്നറുകളിലുള്ളത്. തിങ്കളാഴ്ച കൊളംബോയിൽ നിന്നു മുംബൈയിലേക്കുള്ള യാത്രാ മധ്യേ കേരളാ തീരത്ത് നിന്ന് 78 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് വാൻഹായ് 503 എന്ന ചരക്കു കപ്പലിൽ അഗ്നി ബാധ ഉണ്ടായത്.
Adjust Story Font
16

