വെഞ്ഞാറമൂട് കൂട്ടക്കൊല: 'ആക്രമിച്ചത് മകൻ തന്നെ'; അഫാനെതിരെ അമ്മയുടെ നിർണായക മൊഴി
കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്നായിരുന്നു ഷെമിയുടെ ആദ്യ മൊഴി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനെതിരെ അമ്മയുടെ നിർണായക മൊഴി. തന്നെ ആക്രമിച്ചത് അഫാൻ തന്നെയെന്ന് മാതാവ്..'ഉമ്മ എന്നോട് ക്ഷമിക്കണം' എന്ന് പറഞ്ഞ് ഷാൾ കൊണ്ട് കഴുത്തുഞെരിച്ചു.പിന്നീട് ബോധം വന്നപ്പോൾ പൊലീസുകാർ ജനൽ തകർക്കുന്നതാണ് കണ്ടതെന്നും ഷെമി പൊലീസിന് മൊഴി നല്‍കി. കിളിമാനൂർ സിഐ ഇന്നലെ മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു പുതിയ വിവരം നൽകിയത്.കട്ടിലിൽ നിന്നും വീണപ്പോൾ സംഭവിച്ച പരിക്കായിരുന്നു എന്നാണ് ഷമിയുടെ ആദ്യ മൊഴി.
അതേസമയം, പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് കഴിഞ്ഞദിവസം പൂർത്തിയായി. സഹോദരൻ അഹ്സാൻ്റെയും സുഹൃത്ത് ഫർസാനയുടെയും കൊലപാതകത്തിൽ പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളിൽ പൊലീസ് തെളിവെടുത്തു.
പാങ്ങോട് കിളിമാനൂർ വെഞ്ഞാറമൂട് സ്റ്റേഷനുകളിലായാണ് വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിലെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലത്തീഫിനെയും സാജിദയെയും കൊന്നതിന് ശേഷം വീട്ടിൽ മടങ്ങി എത്തിയാണ് അഫാൻ അഹ്സാനെയും ഫർസാനയെയും അടിച്ചുവീഴ്ത്തിയത്. വീട്ടിലേക്ക് കയറിയ വിധവും കൊലപാതകരീതിയും വീണ്ടും പ്രതി പൊലീസിന് മുന്നിൽ വിശദീകരിച്ചിരുന്നു. ശേഷം സ്വർണം പണയംവച്ച ധനകാര്യ സ്ഥാപനത്തിലും എലിവിഷം വാങ്ങിയ കടയിലും തെളിവെടുപ്പ് നടത്തി.
ഫർസാനയെ ബൈക്കിൽ കൂടെക്കൂട്ടിയ വഴിയിൽ തെളിവെടുത്ത ശേഷം പ്രതിയെ തിരികെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മൂന്ന് കേസുകളിലെയും തെളിവെടുപ്പ് പൂർത്തിയായതിനാൽ വേഗത്തിൽ കുറ്റപത്രം തയ്യാറാക്കി സമർപ്പിക്കനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.
Adjust Story Font
16

