കേരള സ്റ്റോറി മുസ്ലിം വിരുദ്ധമായത് കൊണ്ടല്ല കേരളത്തിനെതിരെയുള്ള പ്രൊപ്പഗണ്ട സിനിമയായത് കൊണ്ടാണ് എതിർത്തത്; എംഎസ്എഫ്
എംഎസ്എഫ് നേതാവിനെ പിന്തുണച്ച് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി ശശികല രംഗത്തെത്തിയിരുന്നു

കോഴിക്കോട്: മുസ്ലിം വിരുദ്ധതയും വിദ്വേഷ പ്രചാരണവും നിറഞ്ഞ കേരള സ്റ്റോറിയെന്ന സിനിമയെ എതിർത്തത് മുസ്‍ലിം വിരുദ്ധ സിനിമ ആയത് കൊണ്ടല്ലെന്നും കേരളത്തിനെതിരെയുള്ള പ്രൊപ്പഗണ്ട സിനിമയായതുകൊണ്ടാണെന്നും എംഎസ്എഫ് നേതാവ്. സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫിന്റെ ഫേസ്ബുക് പോസ്റ്റിന് പിന്തുണയുമായി ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി ശശികല രംഗത്തെത്തി. സിനിമക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി എസ്എഫ്ഐ നടത്തുന്ന ബീഫ് ഫെസ്റ്റിവലിലൂടെ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും എംഎസ്എഫ് നേതാവ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കുന്നു.
ബീഫ് ഫെസ്റ്റ് നടത്തിയാൽ കേരളത്തിലെ മുസ്‍ലിം ഒപ്പം നിൽക്കുമെന്ന തെറ്റിദ്ധാരണ സിപിഎമ്മിന് ഇപ്പോഴുമുണ്ടോ എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. വിശ്വാസവും വർഗീയതയും കമ്മ്യൂണിസ്റ്റുകാരന് ഒരുപോലെയാണ്. വിശ്വാസികളെല്ലാം വർഗ്ഗീയവാദികളാണെന്ന ധാരണ സൃഷ്ടിക്കുന്നത് ശരിയല്ല. ആർഎസ്എസ്സിനെ നേരിടാൻ സാധാരണ ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നത് അംഗീകരിക്കാനുമാകില്ലെന്നും കുറിപ്പിൽ പറയുന്നു.
കേരളത്തിലെ ഹൈന്ദവരിൽ ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. കഴിക്കുന്നവർ കഴിക്കട്ടെ പക്ഷെ അത് നിഷിദ്ധമാണെന്ന് വിശ്വാസപൂർവം കരുതുന്ന ഒരു ചെറിയ വിഭാഗം വിശ്വാസികളുണ്ടെങ്കിൽ അവരെയും നാം ബഹുമാനിക്കണം. ഗോമാംസം നിഷിദ്ധമാണെന്ന് കരുതുന്ന വിശ്വാസികൾക്ക് മുന്നിൽ ബീഫ് ഫെസ്റ്റ് നടത്തി അവരുടെ വികാരം വ്രണപ്പെടുത്തരുത്. വിശ്വാസികളെല്ലാം ആർഎസ്എസ്സ് അല്ല. ബീഫ് നിരോധനം മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന പോലെ ബീഫ് കഴിക്കാൻ നിർബന്ധിതരാക്കുന്നതും മനുഷ്യാവകാശ ലംഘനമാണെന്നും പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
‘ബീഫ് ഫെസ്റ്റ് നടത്തിയാൽ കേരളത്തിലെ മുസ്ലിം ന്യൂനപക്ഷം ഇക്കിളിപ്പെടുന്നുവെന്നോ ഒപ്പം നിൽക്കുമെന്നോ തെറ്റിധാരണ സി.പി.എമ്മിന് ഇപ്പോഴുമുണ്ടോ ? വിശ്വാസവും വർഗീയതയും കമ്മ്യൂണിസ്റ്റുകാരന് ഒരുപോലെയാണ്. വിശ്വാസികളെല്ലാം വർഗ്ഗീയവാദികളാണെന്ന ധാരണ സൃഷ്ടിക്കുന്നത് ശരിയല്ല. ആർ.എസ്.എസ്സിനെ നേരിടാൻ സാധാരണ ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നത് അംഗീകരിക്കാനുമാകില്ല.
കേരളത്തിലെ ഹൈന്ദവരിൽ ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. കഴിക്കുന്നവർ കഴിക്കട്ടെ പക്ഷെ അത് നിഷിദ്ധമാണെന്ന് വിശ്വാസപൂർവം കരുതുന്ന ഒരു ചെറിയ വിഭാഗം വിശ്വാസികളുണ്ടെങ്കിൽ അവരെയും നാം ബഹുമാനിക്കണം. ഗോമാംസം നിഷിദ്ധമാണെന്ന് കരുതുന്ന വിശ്വാസികൾക്ക് മുന്നിൽ ബീഫ് ഫെസ്റ്റ് നടത്തി അവരുടെ വികാരം വ്രണപ്പെടുത്തരുത്. വിശ്വാസികളെല്ലാം ആർ.എസ്.എസ്സ് അല്ല.
ബീഫ് നിരോധനം മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന പോലെ ബീഫ് കഴിക്കാൻ നിർബന്ധിതരാക്കുന്നതും മനുഷ്യാവകാശ ലംഘനമാണ്. ആരോടും ബീഫ് കഴിക്കരുതെന്ന് മലയാളികൾ പറയാറില്ല. അതുപോലെ ബീഫ് കഴിക്കാൻ ആരെയും നിർബന്ധിക്കാറുമില്ല. ഗോമാംസം കഴിക്കുന്നത് നിഷിദ്ധമാണെന്ന് കരുതുന്ന ഒരു ഹൈന്ദവ വിശ്വാസിയുണ്ടെങ്കിൽ അവന്റെ വിശ്വാസം സംരക്ഷിക്കപ്പെടണം.
വെജിറ്റേറിയനായ സാത്വികരുണ്ടെങ്കിൽ അതും ബഹുമാനിക്കപ്പെടണം. ഗോമാംസം നിഷിദ്ധമായ ഒരു വിശ്വാസ സമൂഹത്തെ സംബന്ധിച്ച് ബീഫ് ഫെസ്റ്റ് തീർത്തും അരോചകമാണ്. വിശ്വാസത്തോടുള്ള വെല്ലുവിളിയാണ്. ബീഫ് കഴിച്ചില്ലെങ്കിൽ തങ്ങൾ ആർ.എസ്.എസ്സ് വിരുദ്ധരല്ലെന്ന ചാപ്പയടിക്ക് ഈ പാത്രമാവുന്നതും എത്ര പ്രയാസകരമാണ്.
ആർ.എസ്.എസ്സിന്റെ വർഗീയ - ഫാസിസത്തെ നേരിടാൻ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കേണ്ട സാഹചര്യം കേരളത്തിലില്ല. ഒരു മുസ്ലിം വിശ്വാസിയാണെങ്കിൽ പന്നിമാംസം കഴിക്കില്ല. എന്ന് കരുതി ആരും കഴിക്കരുതെന്ന നിർബന്ധവും ഇല്ല . പക്ഷെ ഒരു പോർക്ക് ഫെസ്റ്റ് നടത്തി ആഘോഷിച്ചാൽ അതിൽ മതവിരുദ്ധതയുണ്ട്. പരിഹാസവുമുണ്ട്
എല്ലാ വിശ്വാസങ്ങളെയും ബഹുമാനത്തോടെ കാണണം. അല്ലാതെ വിശ്വാസികളെ മുഴുവൻ വർഗീയതയുടെ ആലയിൽ കൊണ്ടുപോയി കെട്ടരുത്. ഭരണകൂടം അനുവദിക്കുന്ന എത് സിനിമയും ഇവിടെ പ്രദർശിപ്പിക്കാം. അവാർഡും കൊടുക്കാം. അത് കൊണ്ട് ഇവിടെ ആരും തിയറ്റർ നിറക്കാൻ പോണില്ല. കേരള സ്റ്റോറി ഒരു മുസ്ലിം വിരുദ്ധ സിനിമ ആയത് കൊണ്ടല്ല നാം ഒറ്റക്കെട്ടായി എതിർത്തത്. കേരളത്തിനെതിരെയുള്ള പ്രോപ്പഗണ്ട സിനിമയായത് കൊണ്ടാണ്. തിന് ബീഫ് ഫെസ്റ്റ് നടത്തി പ്രതിരോധിക്കേണ്ട കാര്യമെന്തെന്ന് മനസിലാവുന്നില്ല. ഇത്തരം സമരാഭാസമല്ല വേണ്ടത്. ക്രിയാത്മകമായ പ്രതിരോധമാണ്. എനിക്ക് എന്റെ മതം, നിനക്ക് നിന്റെയും.’
അതേസമയം, കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി ഇറങ്ങുന്ന ദി കേരള സ്റ്റോറി രണ്ടാം ഭാഗം സാംസ്കാരിക ബഹുസ്വരതയുടെ മേലുള്ള കടന്നു കയറ്റമാണെന്നും സംഘപരിവാർ അജണ്ടയെ നടപ്പാക്കാൻ അനുവദിക്കില്ലെന്നും എസ്എഫ്ഐ വ്യക്തമാക്കി. നുണക്കഥകൾ ചിത്രീകരിച്ച് കേരളത്തിന്റെ മാനവികബോദ്ധ്യത്തെ തകർക്കുവാനും മനുഷ്യരെ ഭിന്നിപ്പിച്ചുകൊണ്ട് വർഗ്ഗീയ ധ്രുവീകരണം നടത്തി രാഷ്ട്രീയ നേട്ടം കൊയ്യുവാനും സംഘപരിവാർ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിനെ അടക്കം മുന്നിൽ കണ്ടുകൊണ്ട് ബിജെപി നടത്തുന്ന ഇത്തരം ദുഷ്പ്രചാരണത്തെ കേരളത്തിന്റെ യാഥാർത്ഥ്യം ചെറുക്കുക തന്നെ ചെയ്യും. കേരളത്തിന്റെ സാംസ്‌കാരിക ബഹുസ്വരതയെ തകർക്കുവാൻ വിദ്വേഷ പ്രചരണം നടത്തുന്നതിന് ദി കേരള സ്റ്റോറി രണ്ടാം ഭാഗം പുറത്തിറക്കുവാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികളെ കേരളത്തിന്റെ ഉജ്ജ്വലമായ നവോത്ഥാന സമരചരിത്രത്തെയും മതനിരപേക്ഷ മൂല്യങ്ങളെയും ചേർത്തുപിടിച്ചുകൊണ്ട് ചെറുത്തുതോൽപ്പിക്കുമെന്നും വിദ്യാർത്ഥി സമൂഹം അതിശക്തമായിട്ടുള്ള പ്രതിഷേധം ഉയർത്തുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
Adjust Story Font
16

