പതിനഞ്ചുകാരന് പൊലീസ് മർദനം; കുറ്റക്കാർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് എംഎസ്എഫ്
പുറക്കാമല സംരക്ഷണ സമര സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടയിലാണ് വിദ്യാർത്ഥിക്ക് നേരെ പൊലീസ് മർദനം ഉണ്ടായത്

മേപ്പയ്യൂർ: 15 വയസ്സുളള വിദ്യാർഥിക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധം രേഖപ്പെടുത്തി മേപ്പയ്യൂർ പഞ്ചായത്ത് എംഎസ്എഫ് നേതൃയോഗം. കുറ്റക്കാർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് എംഎസ്എഫ് ആവശ്യപ്പെട്ടു. പുറക്കാമല സംരക്ഷണ സമര സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടയിലാണ് വിദ്യാർത്ഥിക്ക് നേരെ പൊലീസ് മർദനം ഉണ്ടായത്.
മേപ്പയ്യൂർ പഞ്ചായത്ത്, ചെറുവണ്ണൂർ പഞ്ചായത്ത് എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുന്ന പുറക്കാമലയിൽ ക്വാറി മാഫിയയെ പ്രദേശവാസികൾ തടയുകയായിരുന്നുവെന്ന് എംഎസ്എഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. "പ്രദേശത്ത് വർഷങ്ങളായി അനധികൃതമായി നടന്നുവരുന്ന പാറപൊട്ടിക്കലിനെതിരേ സംരക്ഷണ സമര സമിതിയുടെ ആഭിമുഖ്യത്തിൽ ബഹുജന സമരപരിപാടികൾ നടന്നുവരികയാണ്. എന്നാൽ കഴിഞ്ഞ ദിവസം ജനകീയ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തി പാറപൊട്ടിക്കാനെത്തിയ ക്വാറി മാഫിയയെ പ്രദേശവാസികൾ തടയുകയായിരുന്നു. പ്രതിഷേധത്തിനിടയിൽ നിന്നും മേപ്പയ്യൂർ പൊലിസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ എന്നിവരടങ്ങുന്ന എട്ടോളം പൊലീസുകാർ ചേർന്നാണ് എസ്എസ്എൽസി വിദ്യാർത്ഥിയായ കുട്ടിയെ നിലത്തുകൂടെ വലിച്ചിഴച്ച് കൊണ്ടുപോയത്. ഈ ക്രൂരതയ്ക്ക് നേതൃത്വം കൊടുത്ത പൊലീസുകാർക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് എംഎസ്എഫ് സർക്കാരിനോടും, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനോടും ആവശ്യപ്പെടുന്നു," പ്രസ്താവന വ്യക്തമാക്കുന്നു.
വിഷയത്തിൽ കുടുംബം ബാലാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. കുട്ടിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകയും അവിടെ വെച്ച് വീണ്ടും പൊലീസ് മർദിച്ചതായും കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിക്കുന്നു.
Adjust Story Font
16

