Quantcast

'ആ പെൺകുട്ടിക്ക് അറിയാത്തതു കൊണ്ടായിരിക്കാം'; പശു പരാമർശത്തിൽ നടി നിഖിലയ്‌ക്കെതിരെ എം.ടി രമേശ്

"പല സംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ചതാണ് എന്ന് ആ പെൺകുട്ടിക്ക് അറിയാത്തതു കൊണ്ടായിരിക്കാം. അതു മനസ്സിലാക്കാനുള്ള രാഷ്ട്രീയ പ്രബുദ്ധത ഇല്ലാത്തു കൊണ്ടായിരിക്കാം"

MediaOne Logo

Web Desk

  • Published:

    17 May 2022 6:29 AM GMT

ആ പെൺകുട്ടിക്ക് അറിയാത്തതു കൊണ്ടായിരിക്കാം; പശു പരാമർശത്തിൽ നടി നിഖിലയ്‌ക്കെതിരെ എം.ടി രമേശ്
X

കോഴിക്കോട്: ഭക്ഷണത്തിനു വേണ്ടി പശുവിനെ കൊല്ലുന്നതിനെ അനുകൂലിച്ച നടി നിഖില വിമലിനെതിരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. നടിയുടെ അറിവില്ലായ്മ കൊണ്ടാണ് അത്തരമൊരു പ്രസ്താവന നടത്തിയത് എന്നും പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാൻ നിരോധനമുണ്ടെന്നും രമേശ് പറഞ്ഞു. ബിജെപി കോഴിക്കോട്ട് സംഘടിപ്പിച്ച 'കേരളം തീവ്രവാദ പരിശീലനത്തിന് സുരക്ഷിത താവളമോ' എന്ന ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു പ്രധാനപ്പെട്ട സിനിമാ നടി ഞാൻ പശുമാംസം ഭക്ഷിക്കുമെന്ന് പരസ്യമായി പറഞ്ഞു. അതിനുള്ള അവകാശം അവർക്കുണ്ട്. പക്ഷേ, അവർക്ക് വസ്തുതകളെ കുറിച്ച് അറിയാത്തതു കൊണ്ടാണ്. ഇന്ത്യാ രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ചതാണ് എന്ന് ആ പെൺകുട്ടിക്ക് അറിയാത്തതു കൊണ്ടായിരിക്കാം. അതു മനസ്സിലാക്കാനുള്ള രാഷ്ട്രീയ പ്രബുദ്ധത ഇല്ലാത്തതു കൊണ്ടായിരിക്കാം. അതു പോട്ടെ, അതറിവില്ലായ്മ കൊണ്ടാണ്. അങ്ങനെ ആ നടി പറഞ്ഞപ്പോൾ കുറേയാളുകൾ അവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അവരോട് പറഞ്ഞു- നിങ്ങൾ പറയുന്നത് ശരിയല്ല. നിങ്ങൾ വിചാരിച്ചാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ പശുവിറച്ചി കിട്ടില്ല. കാരണം ഇന്ത്യയിലെ പത്തിരുപത്തിമൂന്ന് സംസ്ഥാനങ്ങളിൽ അത് നിരോധിച്ചിട്ടുള്ളതാണ്. അവിടെപ്പോയി പശുവിനെ അറുക്കണമെന്ന് പറഞ്ഞാൽ നിങ്ങൾ ജയിലിൽ പോകും. കാര്യങ്ങൾ പഠിക്കണമെന്ന് പറഞ്ഞപ്പോൾ അവർ വേട്ടയാടപ്പെടുന്നു എന്നു പറഞ്ഞ് കുറേയാളുകൾ രംഗത്തുവന്നിട്ടുണ്ട്.' - എന്നായിരുന്നു രമേശിന്റെ വാക്കുകൾ.

നിഖില പറഞ്ഞത്

'നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാം. ആരാ പറഞ്ഞത് പശുവിനെ വെട്ടാൻ പറ്റില്ലെന്ന്. നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പാടില്ലെന്നുള്ള ഒരു സിസ്റ്റമേ ഇല്ല. മൃഗങ്ങളെ സംരക്ഷിക്കണമെങ്കിൽ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. പശുവിന് മാത്രം അങ്ങനെ പ്രത്യേകിച്ച് പരിഗണനയൊന്നും ഈ നാട്ടിലില്ല. വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുത്. വെട്ടുകയാണെങ്കിൽ എല്ലാറ്റിനെയും വെട്ടാം. വന്യജീവികളെ വെട്ടരുത് എന്ന് പറയുന്നത് വംശനാശം വരുന്നത് കൊണ്ടാണ്. ഞാനെന്തും കഴിക്കും. നിർത്തുകയാണ് എങ്കിൽ എല്ലാം നിർത്തണം. അങ്ങനെ ഒന്ന് കഴിക്കില്ല എന്നത് എനിക്ക് പറ്റില്ല.' - എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നിഖില പറഞ്ഞിരുന്നത്.



ചെസ് കളിയിൽ വിജയിക്കാൻ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് കുതിരയെ മാറ്റി പശുവിനെ വച്ചാൽ മതി അപ്പോൾ വെട്ടാൻ പറ്റില്ലല്ലോ എന്ന അവതാരകന്റെ ഉത്തരത്തിനാണ് നിഖില രാഷ്ട്രീയം പറഞ്ഞുള്ള മറുപടി നൽകിയത്. കുതിരയെ മാറ്റി പശുവിനെ വച്ചാലും താൻ വെട്ടുമെന്നും ഇന്ത്യയിലും പശുവിനെ വെട്ടാൻ പറ്റില്ല എന്ന് പറയുന്ന ഒരു സിസ്റ്റമില്ലായിരുന്നു അത് കൊണ്ടുവന്നത് അല്ലേ എന്നും നിഖില ചോദിച്ചു.

നടിക്കെതിരെ സൈബർ ആക്രമണം

പരാമർശത്തിന് പിന്നാലെ, നിഖിലയ്‌ക്കെതിരെ ചില പ്രൊഫൈലുകളിൽനിന്ന് സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു.

'അവള് എന്തും കഴിക്കും, നാളെ ആടു മേക്കാൻ പോകാനുള്ള ടീമാണ്', 'ഇത്രയും പടത്തിൽ അഭിനയിച്ചിട്ടും കൂടുതൽ ആർക്കും അറിയില്ലായിരുന്നു, ഈ പശു പ്രയോഗം കൊണ്ട് ചുളുവിൽ അറിയപ്പെട്ടു തുടങ്ങി', 'ഒന്നു ഫീൽഡിൽ പിടിച്ചു നിൽക്കാൻ ആരെയൊക്കെ ഇമ്മാതിരി വിഡ്ഢിത്തം വിളമ്പി സുഖിപ്പിക്കണം', 'ആരും അറിയാതിരുന്ന കൂതറ കോഴിയുടെ പശുവിന്റെ പേരിൽ അറിയാൻ ഉള്ള സൈക്കോളജിക്കൽ മൂവ്', 'ഇപ്പോൾ ഈ വിഷയം എടുത്ത് ഇട്ടത് തന്നെ സമസ്താ പെൺകുട്ടി വിഷയത്തിൽ നിന്നും വഴി തിരിക്കാൻ അല്ലെ അതിനു ഇതൊന്നും മതിയാവില്ലല്ലോ ചെമ്പൂവേ', 'മോൾ കോഴി കഴിക്കുമെങ്കിൽ പശുവിനെയും കഴിക്കുന്ന ഒരു ഫോട്ടോ ഷെയർ ചെയ്യാൻ ഉള്ള ചങ്കൂറ്റം ഉണ്ടോ?' - എന്നിങ്ങനെയായിരുന്നു കമന്റുകൾ.

TAGS :

Next Story