Quantcast

'മരിച്ചവരേക്കാൾ കഷ്ടപ്പാടിലാണ് ജീവിച്ചിരിക്കുന്ന ഞങ്ങൾ, പഴയപോലെ ഇനിയൊരിക്കലും ആകില്ല'; ചൂരൽമലയില്‍ കട നടത്തുന്ന മുഹമ്മദ്

ഉരുള്‍ദുരന്തം കഴിഞ്ഞ് വർഷം ഒന്ന് തികയുമ്പോഴും വ്യാപാരികൾക്ക് യാതൊരു നഷ്ടപരിഹാരവും സർക്കാറുകൾ നൽകിയിട്ടില്ല

MediaOne Logo

Web Desk

  • Published:

    28 July 2025 10:00 AM IST

മരിച്ചവരേക്കാൾ കഷ്ടപ്പാടിലാണ് ജീവിച്ചിരിക്കുന്ന ഞങ്ങൾ, പഴയപോലെ ഇനിയൊരിക്കലും ആകില്ല; ചൂരൽമലയില്‍ കട നടത്തുന്ന  മുഹമ്മദ്
X

ചൂരല്‍മല: നാടിനെ മുഴുവന്‍ തുടച്ചു നീക്കി ഉരുള്‍ ദുരന്തം കടന്നുപോയപ്പോള്‍ അതിജീവനത്തിന്‍റെ പാതയിലാണ് ചൂരല്‍മലയിലെ മനുഷ്യര്‍. ദുരന്തം കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും ഇവിടെയുള്ള മനുഷ്യരുടെ ജീവിതം പഴയതുപോലെയായിട്ടില്ല.

മരിച്ചവരേക്കാൾ കഷ്ടപ്പാടിലാണ് അവശേഷിക്കുന്ന ഞങ്ങൾ ജീവിക്കുന്നതെന്ന് പറയുകയാണ് ചൂരല്‍മലയില്‍ കച്ചവടം നടത്തുന്ന മുഹമ്മദ്. 'കടയിലേക്ക് വരാനാളില്ല, ഉണ്ടായിരുന്നവരിലധികവും മരിച്ചുപോയി. ബാക്കിയുള്ളവർ സ്ഥലം മാറിപോയി. ടൂറിസ്റ്റുകളാണ് പിന്നെ ഉണ്ടായിരുന്നത്.അവരെ ഇങ്ങോട്ട് കടത്തിവിടുന്നില്ല.വില്ലേജ് ഓഫീസും സ്‌കൂളും ബാങ്കും ഒന്നും ചൂരൽമലയിലില്ല. കുറച്ച് നേരം മാത്രമാണ് കട തുറക്കുന്നത്. സർക്കാർ സഹായമൊന്നും കിട്ടിയില്ല. ചൂരൽമല പഴയപോലെ ഇനിയൊരിക്കലും ആകില്ല.മരിച്ചവരേക്കാൾ കഷ്ടപ്പാടിലാണ് ജീവിച്ചിരിക്കുന്ന ഞങ്ങൾ നിൽക്കുന്നത്. മരിച്ചവർ രക്ഷപ്പെട്ടു എന്നേ പറയാനാകൂ.അതിനേക്കാൾ മൂന്നിരട്ടിയാണ് ഇവിടെ ബാക്കിയുണ്ടായിരുന്നവർ നേരിടേണ്ടിവരുന്നത്'. മുഹമ്മദ് പറയുന്നു.

മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന് പ്രദേശത്തെ വ്യാപാരികൾക്കും പറയാനുള്ളത് ലക്ഷങ്ങളുടെ നഷ്ടത്തിന്റെ കണക്കാണ്. സമ്പാദിച്ചു കൂട്ടിയ നാണയത്തുട്ടുകൾ കൊണ്ട് തുടങ്ങിയ സംരംഭം ഉരുൾ എടുത്തതോടെ വരുമാന മാർഗ്ഗവും നിലച്ചു. വർഷം ഒന്ന് തികയുമ്പോഴും വ്യാപാരികൾക്ക് യാതൊരു നഷ്ടപരിഹാരവും സർക്കാറുകൾ നൽകിയിട്ടില്ല.

ചെറുതും വലുതുമായ നൂറോളം സ്ഥാപനങ്ങളാണ് മുണ്ടക്കൈയിലും ചൂരൽ മലയിലും ഉണ്ടായിരുന്നത്. വായ്പയെടുത്തും അല്ലാതെയും ലക്ഷങ്ങൾ മുടക്കിയാണ് ഓരോ വ്യാപാരസ്ഥാപനങ്ങളും തുടങ്ങിയത്. എന്നാൽ ജൂലൈ 30ന്റെ രാവിൽ ഉരുൾ സർവ്വനാശം വിതച്ചു കടന്നു പോയപ്പോൾ കുറെ മനുഷ്യരോടൊപ്പം മുണ്ടക്കൈയിലെയുംും ചൂരൽ മലയിലെയും വ്യാപാര സ്ഥാപനങ്ങളും നാമാവശേഷമായി. പൊട്ടിപ്പൊളിഞ്ഞ കടകൾക്കുള്ളിൽ ഉപയോഗിക്കാൻ പോലും കഴിയാതെ ലക്ഷക്കണക്കിന് വസ്തുക്കൾ ഇപ്പോഴും കെട്ടിക്കിടക്കുന്നുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും, സന്നദ്ധ സംഘടനകളുടെയും സഹായം മാത്രമാണ് കുറച്ചെങ്കിലും വ്യാപാരികൾക്ക് കൈത്താങ്ങായത്. എന്നാൽ പുതിയ ജീവിതം പടുത്തുയർത്താൻ ഇതൊന്നും മതിയാകുമായിരുന്നില്ല.


TAGS :

Next Story