മുനമ്പം സമരസമിതി സമരം അവസാനിപ്പിച്ചു
ഹൈക്കോടതി ഉത്തരവിന് പിന്നാലെ താല്‍ക്കാലികമായി കരം സ്വീകരിച്ച് തുടങ്ങിയതോടെയാണ് സമരം അവസാനിപ്പിച്ചത്

കൊച്ചി: മുനമ്പം സമരസമിതി 414 ദിവസമായി നടത്തിയ സമരം അവസാനിപ്പിച്ചു. ഹൈക്കോടതി ഉത്തരവിന് പിന്നാലെ താല്‍ക്കാലികമായി കരം സ്വീകരിച്ച് തുടങ്ങിയതോടെയാണ് സമരം അവസാനിപ്പിച്ചത്. മന്ത്രിമാരായ പി.രാജീവ്, കെ. രാജന്‍ തുടങ്ങിയവര്‍ സമരപ്പന്തലിലെത്തി. മുനമ്പത്തുകാരുടെ നിയമപരമായ അവകാശം സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് പി. രാജീവ് പറഞ്ഞു. ഒരാളെയും ഇറക്കിവിടില്ലെന്നും പോക്കുവരവില്‍ തടസ്സമുണ്ടാകില്ലെന്ന് മന്ത്രി കെ.രാജനും പ്രതികരിച്ചു. സമരം അവസാനിപ്പിച്ചെങ്കിലും സമാന്തരമായി തുടരണമെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു.
മുനമ്പത്തേത് വഖഫ് ഭൂമി അല്ല എന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. ഭൂമി ദാനമായി നല്‍കിയതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതോടെയാണ് മുനമ്പത്ത് താമസക്കാര്‍ റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ വീണ്ടും സമീപിച്ചത്. താല്‍ക്കാലിക അടിസ്ഥാനത്തില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി നികുതി സ്വീകരിക്കാനാണ് റവന്യൂ വകുപ്പിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് എന്ന നിര്‍ദേശം. വിഷയത്തില്‍ വഖഫ് ട്രൈബ്യൂണലില്‍ അടക്കം നിലനില്‍ക്കുന്ന കേസുകളുടെ അന്തിമ വിധിക്ക് വിധേയമായി മാത്രമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതോടെ മുനമ്പത്ത് ഭൂമി കൈവശക്കാര്‍ക്ക് കരം അടയ്ക്കാന്‍ വഴിയൊരുങ്ങും.
വഖഫ് പരിധിയില്‍ നിന്ന് ഭൂമി പൂര്‍ണമായും ഒഴിവാക്കുകയും ക്രയവിക്രയ അവകാശം ലഭിക്കുകയും ചെയ്യുന്നത് വരെ പോരാട്ടം തുടരുമെന്നാണ് ഒരു വിമതവിഭാഗത്തിന്റെ നിലപാട്.
Adjust Story Font
16

