Quantcast

'ലീഗ് പങ്കെടുക്കാത്തത് ക്ഷീണമല്ല, അവർ സെമിനാറിനെ ആക്ഷേപിച്ചിട്ടില്ല'; നിലപാട് പറഞ്ഞ് എളമരം കരീം

കേരളത്തിലെ പ്രബല മുസ്‌ലിം സമൂഹം സുന്നികളാണെന്നും ഇതര അഭിപ്രായങ്ങൾക്ക് പ്രസക്തിയില്ലെന്നും എളമരം കരീം

MediaOne Logo

Web Desk

  • Published:

    15 July 2023 3:13 AM GMT

Muslim League not participating in Kozhikode CPM seminar does not matter, does not criticize seminar: Elamaram Karim
X

കോഴിക്കോട്: ഏകീകൃത സിവിൽകോഡിനെതിരെ സിപിഎം കോഴിക്കോട്ട് നടത്തുന്ന സെമിനാറിൽ മുസ്‌ലിം ലീഗ് പങ്കെടുക്കാത്തത് ക്ഷീണമായി കരുതുന്നില്ലെന്നു എളമരം കരീം എംപി. സിപിഎം സെമിനാറിനെ ലീഗ് ആക്ഷേപിച്ചിട്ടില്ലെന്നും കോൺഗ്രസിനെ ക്ഷണിക്കാതിരുന്നത് ദേശീയാടിസ്ഥാനത്തിൽ അവർക്ക് അഭിപ്രായമില്ലാത്തതിനാലാണെന്നും എളമരം കരീം മീഡിയവണിനോട് പറഞ്ഞു.

കേരളത്തിലെ പ്രബല മുസ്‌ലിം സമൂഹം സുന്നികളാണെന്നും അവരുടെ രണ്ട് സംഘടനകളായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന സമസ്തയും സെമിനാറിൽ പങ്കെടുക്കുന്നുണ്ടെന്നും ഇതര അഭിപ്രായങ്ങൾക്ക് പ്രസക്തിയില്ലെന്നും എളമരം കരീം ചൂണ്ടിക്കാട്ടി. വക്കം മൗലവിയടക്കമുള്ളവരുടെ പാരമ്പര്യമുള്ള മുജാഹിദ് വിഭാഗവും ഒപ്പമുണ്ടെന്നും പറഞ്ഞു.

ദേശീയ തലത്തിൽ ഐക്യമുണ്ടാകുമ്പോഴും കേരളത്തിൽ കോൺഗ്രസും സിപിഎമ്മും വേറിട്ടാണ് മത്സരിക്കാറുള്ളതെന്നും അങ്ങനെയാകുമ്പോഴും ബിജെപി ജയിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണിതെന്നും കേരളത്തിന് പുറത്ത് അങ്ങനെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൻഡിഎ പ്രതിനിധി ബിഡിജെഎസ് നേതാവ് സന്തോഷ് അരയക്കണ്ടി സെമിനാറിൽ പങ്കെടുക്കുന്നതിനെ കുറിച്ചും എളമരം കരീം പ്രതികരിച്ചു. എൻഡിഎയിൽ പലരും ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നുണ്ടെന്നും അതിനെ എതിർക്കുന്നവരെയെല്ലാം ഇപ്പോൾ കൂടെക്കൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏകീകൃത സിവിൽ കോഡിനെ കുറിച്ച് നിയമ കമ്മീഷൻ അഭിപ്രായങ്ങൾ തേടിക്കൊണ്ടിരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അതിനെ അനുകൂലിക്കുന്നത് ശരിയല്ലെന്നും അത് തീരുമാനത്തെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറിൽ മുസ്‌ലിം ക്രിസ്ത്യൻ ദലിത് സംഘടാ നേതാക്കൾ പങ്കെടുക്കും. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാർ ഉദ്ഘാടം ചെയ്യും. സെമിനാർ പ്രഖ്യാപിച്ചതുമുതൽ തുടങ്ങി വിവാദങ്ങൾ ഇപ്പോഴും സജീവമാണ്.

ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ദേശീയ തലത്തിൽ തന്നെ നടക്കുന്ന ആദ്യ ജനകീയ പരിപാടിയാണ് ഇന്ന് കോഴിക്കോട് സ്വപ്ന നഗരിയിൽ സി.പി.എം സംഘടിപ്പിക്കുന്ന ജനകീയ ദേശീയ സെമിനാർ. സി. പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ എൽ.ഡി.എഫിലെ വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് എം.വി ഗോവിന്ദൻ മാസ്റ്റർ, എളമരം കരീം ഇ. കെ വിജയൻ, ജോസ് കെ, മാണി, ശ്രേയാംസ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.

രണ്ടു വിഭാഗം സമസ്തകളെ പ്രതിനിധീകരിച്ച് സി.മുഹമ്മദ് ഫൈസി, എൻ.അലി അബ്ദുല്ല , ഉമർഫൈസി, പി.എം അബ്ദുസലാം ബാഖവി തുടങ്ങിയവർ സെമിനാറിൽ സംസാരിക്കും. മുജാഹിദ് സംഘടനാ നേതാക്കളും എം.ഇ. എസും സെമിനാറിൻറെ ഭാഗമാകും. താമരശ്ശേരി രൂപതയുടെ സി.എസ്.ഐ സഭയുടെയും പ്രതിനിധികളാണ് ക്രിസ്ത്യൻ വിഭാഗത്തെ പ്രതിനിധീകരിക്കുക. പുന്നല ശ്രീകുമാർ, രാമഭദ്രൻ തുടങ്ങി ദലിത് നേതാക്കളും എസ്.എൻ.ഡി.പി പ്രതിനിധിയും സെമിനാറിൽ പങ്കെടുക്കുന്നുണ്ട്. സെമിനാറിനെ വലിയ വിജയമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സി.പി.എം.

അതിനിടെ, കോഴിക്കോട്ടെ സെമിനാറിൽ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി ജയരാജൻ പങ്കെടുക്കില്ല. കോഴിക്കോട് സെമിനാർ നടക്കുമ്പോൾ ഇ പി തിരുവനന്തപുരത്താണുള്ളത്. തലസ്ഥാനത്ത് ഡിവൈഎഫ്‌ഐ നിർമിച്ച് നൽകുന്ന സ്‌നേഹ വീടിന്റെ താക്കോൽദാനത്തിനാണ് അദ്ദേഹം എത്തിയിരിക്കുന്നത്. സെമിനാറിൽ പങ്കെടുക്കാത്തതിലൂടെ തന്നോടുള്ള പാർട്ടി നിലപാടിലെ അനിഷ്ടം പ്രകടിപ്പിക്കുകയാണ് അദ്ദേഹം. യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുന്നും ഇ.പി ജയരാജൻ തന്റെ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചില യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നുവെങ്കിലും പലതിൽ നിന്നും മാറിനിൽക്കുകയായിരുന്നു.

കോഴിക്കോട്ടെ സുപ്രധാന സെമിനാറിൽ സംസ്ഥാനത്തെ ഉന്നത സിപിഎം നേതാവ് പങ്കെടുക്കാതിരിക്കുന്നത് പാർട്ടിയ്ക്ക് തിരിച്ചടിയാണ്. മുതിർന്ന നേതാവെന്ന പരിഗണന തനിയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചപ്പോൾ തന്നെ പരിഗണിക്കാതെ എംവി ഗോവിന്ദനെ സെക്രട്ടറിയാക്കിയതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ട്. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിന്ന് മാറിനിൽക്കുന്ന ഇ.പി കണ്ണൂരിലുണ്ടായിരിക്കേ പ്രധാന പാർട്ടി പരിപാടിയിൽ നിന്ന് വിട്ടുനിന്നിരുന്നു.

Muslim League not participating in Kozhikode CPM seminar does not matter, does not criticize seminar: Elamaram Karim

TAGS :

Next Story