Quantcast

ആ ലീഗല്ല ഈ ലീഗ്; ബീസ്റ്റ് വിവാദത്തിൽ വിശദീകരണവുമായി ഐ.യു.എം.എൽ

കത്ത് നൽകിയ 'തമിഴ് മാനില മുസ്ലിം ലീഗിന്' ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗുമായി യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി അറിയിച്ചു

MediaOne Logo

Web Desk

  • Published:

    7 April 2022 12:39 PM GMT

ആ ലീഗല്ല ഈ ലീഗ്;  ബീസ്റ്റ് വിവാദത്തിൽ വിശദീകരണവുമായി ഐ.യു.എം.എൽ
X

വിജയ് നായകനായ പുതിയ തമിഴ് ചിത്രം ബീസ്റ്റിന്റെ പ്രദർശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ഹോം സെക്രട്ടറിക്ക് കത്ത് നൽകിയെന്ന വാർത്ത വ്യാജമാണെന്ന് പാര്‍ട്ടി അറിയിച്ചു. കത്ത് നൽകിയ 'തമിഴ് മാനില മുസ്ലിം ലീഗിന്' ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗുമായി യാതൊരു ബന്ധമില്ലെന്നും ടി.എൻ.എം.എം.എല്ലിന്‍റെ പേരിലുള്ള കത്താണ് മുസ്ലിം ലീഗിന്‍റേത് എന്ന പേരിൽ മലയാളം പത്രങ്ങൾ ഉൾപ്പെടെ വാർത്തയാക്കിയതെന്നും പാര്‍ട്ടി ഫെയ്സ് ബുക്ക് കുറിപ്പില്‍ അറിയിച്ചു.

സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ് മാനില മുസ്ലിം ലീഗ് നേതാവ് വി.എം.എസ് മുസ്തഫയാണ് ഹോം സെക്രട്ടറിക്ക് കത്തയച്ചത്. സിനിമയുടെ ട്രെയിലറിൽ മുസ്ലീങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുന്നു എന്നാരോപിച്ചാണ് തമിഴ് മാനില മുസ്ലിം ലീഗ് സിനിമക്കെതിരെ രംഗത്ത് വന്നത്. ഹോം സെക്രട്ടറിക്ക് കത്തയച്ച വി.എം.എസ് മുസ്തഫ തമിഴ് മാനില മുസ്ലിം ലീഗിന്റെ സ്ഥാപക നേതാവ് കൂടെയാണ്.

സിനിമക്ക് നേരത്തെ കുവൈത്തിൽ പ്രദർശന വിലക്കേർപ്പെടുത്തിയിരുന്നു. ബോംബാക്രമണത്തിനും വെടിവെപ്പുകൾക്കും പിന്നിൽ മുസ്ലിങ്ങൾ മാത്രമാണെന്ന തരത്തിൽ സിനിമകളിൽ വളച്ചൊടിക്കപ്പെടുന്നത് ഖേദകരമാണെന്നും ബീസ്റ്റ് പ്രദർശനത്തിനെത്തിയാൽ അത് അസാധാരണ സാഹചര്യത്തിലേക്ക് നയിക്കുമെന്നും കത്തിൽ പറയുന്നു.

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ നിർമാണം സൺ പിക്‌ചേഴ്‌സാണ് നിർവഹിക്കുന്നത്. ഈ മാസം 14 നാണ് സിനിമയുടെ റിലീസ്. തീവ്രവാദികൾ ഒരു മാൾ അക്രമിക്കുകയും മാളിൽ കുടുങ്ങിയ ജനങ്ങളെ രക്ഷിക്കാൻ നായകനെത്തുകയും ചെയ്യുന്നതാണ് സിനിമയുടെ കഥ.

TAGS :

Next Story