Quantcast

'ഇന്ത്യ ഫലസ്തീനെ പിന്തുണയ്ക്കണം': വീടുകളില്‍ ഐക്യദാര്‍ഢ്യ സംഗമവുമായി ലീഗ്

സംസ്ഥാനത്തൊട്ടാകെ വിവിധ മുസ്‍ലിം സംഘടനകളും കൂട്ടായ്മകളും ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് പെരുന്നാള്‍ ആഘോഷിച്ചത്

MediaOne Logo

Web Desk

  • Published:

    13 May 2021 1:05 PM IST

ഇന്ത്യ ഫലസ്തീനെ പിന്തുണയ്ക്കണം: വീടുകളില്‍ ഐക്യദാര്‍ഢ്യ സംഗമവുമായി ലീഗ്
X

പെരുന്നാള്‍ ദിനത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി വിശ്വാസികൾ. മര്‍ദിത ജനതയോടുള്ള ഐക്യദാര്‍ഢ്യത്തിന്‍റെ പെരുന്നാളെന്ന് പാളയം ഇമാം ഷുഹൈബ് മൌലവി പറഞ്ഞു. മുസ്‍ലിം ലീഗിന്‍റെ നേതൃത്വത്തിൽ വീടുകളിൽ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ നടത്തി. ഫലസ്തീൻ അനുകൂല നിലപാട് ഇന്ത്യ സ്വീകരിക്കണമെന്ന് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.

ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചും ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുമാണ് വിശ്വാസികളുടെ ഈ ചെറിയ പെരുന്നാള്‍ ദിനം കടന്ന് പോകുന്നത്. ഫലസ്തീന് മേല്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മുസ്‍ലിം ലീഗ് നേതാക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന അഖിലേന്ത്യാ നേതൃയോഗമാണ് പെരുന്നാള്‍ ദിനമായ ഇന്ന് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ നടത്താന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത്. കോവിഡ് സാഹചര്യത്തില്‍ വീടുകളില്‍ കോവിഡ് മാനദണ്ഡം പാലിച്ചാണ് സംഗമങ്ങള്‍ നടന്നത്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമത്തില്‍ ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍, പി ഉബൈദുള്ള തുടങ്ങിയവരും പങ്കെടുത്തു. ഫലസ്തീന്‍ ജനതക്കനുകൂല നിലപാട് ഇന്ത്യ സ്വീകരിക്കണമെന്നും പ്രശ്ന പരിഹാരത്തിന് നടപടികളുണ്ടാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തൊട്ടാകെ വിവിധ മുസ്‍ലിം മത സംഘടനകളും കൂട്ടായ്മകളും ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് പെരുന്നാള്‍ ആഘോഷിച്ചത്.

TAGS :

Next Story