Quantcast

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾ കോടതിയിൽ ഹാജരായി

സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരായത്

MediaOne Logo

Web Desk

  • Published:

    5 Sept 2026 2:26 PM IST

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾ കോടതിയിൽ ഹാജരായി
X

വയനാട്: മുട്ടിൽ മരംമുറി കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ കോടതിയിൽ ഹാജരായി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇവർ ഇന്ന് നേരിട്ട് ഹാജരായത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രതികൾ ഈ കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾക്കായി എത്തുന്നത്.

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് പൊലീസ് ആകെ 41 കേസുകളിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. ഇതിൽ 12 കേസുകളാണ് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പ്രധാനമായും പരിഗണിക്കുന്നത്. ഈ കേസുകളിലെ നടപടിക്രമങ്ങളുടെ ഭാഗമായാണ് അഗസ്റ്റിൻ സഹോദരങ്ങൾ അല്പസമയം മുൻപ് കോടതിയിൽ നേരിട്ട് ഹാജരായത്.

പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായെങ്കിലും, കേസിന്റെ വിചാരണ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനാണ് സാധ്യത. നിയമപരമായ കൂടുതൽ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുള്ളതിനാലാകാം ഇതെന്നാണ് വിലയിരുത്തൽ. എങ്കിലും പ്രതികൾ നേരിട്ട് ഹാജരായത് കേസിന്റെ തുടർവഴികളിൽ നിർണായകമാണ്.

മരംമുറിയുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ എറണാകുളത്ത് രജിസ്റ്റർ ചെയ്ത വഞ്ചനാക്കേസിലും ഇവർക്ക് കഴിഞ്ഞ ദിവസങ്ങളിൽ തിരിച്ചടിയേറ്റിരുന്നു. കൃത്യമായ രേഖകളില്ലാതെ തനിക്ക് മരം വിറ്റെന്ന് കാണിച്ച് എറണാകുളം സ്വദേശിയായ വ്യവസായി നൽകിയ പരാതിയിലാണ് അമ്പലമേട് പൊലീസ് അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ കേസെടുത്തത്. കേസിൽ റോജി അഗസ്റ്റിനാണ് ഒന്നാം പ്രതി, ആന്റോ അഗസ്റ്റിൻ രണ്ടാം പ്രതിയുമാണ്. വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള കേസിൽ തീരുമാനമാകുന്നത് വരെ ചോറ്റാനിക്കര കോടതിയിലെ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹരജി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.

ഒരേ കുറ്റങ്ങളുള്ള കേസിൽ ഒരുമിച്ച് വിചാരണ നടത്തണമെന്നും ചോറ്റാനിക്കര കോടതിയിലെ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യത്തെ സർക്കാർ ശക്തമായി എതിർത്തു. ചോറ്റാനിക്കരയിലേത് വഞ്ചനാക്കേസാണെന്നും വയനാട്ടിലേത് വനം വകുപ്പുമായി ബന്ധപ്പെട്ട കേസാണെന്നും സർക്കാർ വാദിച്ചു. സർക്കാരിന്റെ വാദം അംഗീകരിച്ച ഹൈക്കോടതി അടിയന്തര സ്റ്റേ നിരാകരിക്കുകയായിരുന്നു. വിചാരണാ നടപടികൾ സ്റ്റേ ചെയ്യാത്തതിനെ തുടർന്നാണ് ചോറ്റാനിക്കര കോടതിയിലും നടപടികൾ പുരോഗമിക്കുന്നത്. പ്രതികളുടെ ഹരജിയിൽ ഹൈക്കോടതി ചൊവ്വാഴ്ച വിശദമായ വാദം കേൾക്കും.

TAGS :

Next Story