'തിരുവനന്തപുരത്ത് 21കാരി മേയറായപ്പോൾ ശ്ലാഘിച്ച വ്യക്തി ഇപ്പോൾ ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി'; മംദാനിയെ ആര്യാ രാജേന്ദ്രനോട് ഉപമിച്ച് എം.വി ഗോവിന്ദൻ
'ഇനിയെന്നാണ് ഒരു ചെറുപ്പക്കാരനോ ചെറുപ്പക്കാരിയോ ന്യൂയോർക്കിൽ മേയറായി വരികയെന്ന് അന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു'- എം.വി ഗോവിന്ദൻ പറഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനെ ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയോട് ഉപമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അഞ്ച് വർഷം മുമ്പ് 21കാരിയായ ആര്യാ രാജേന്ദ്രൻ തിരുവനന്തപുരത്തിന്റെ മേയറായപ്പോൾ അഭിവാദ്യം ചെയ്ത നേതാവാണ് മംദാനിയെന്നും ഇപ്പോൾ അദ്ദേഹം ന്യൂയോർക്കിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
'ആര്യാ രാജേന്ദ്രൻ എന്ന ചെറുപ്പക്കാരിയായ യുവതി, കേരളത്തിന്റെ തലസ്ഥാന പട്ടണത്തിലെ കോർപ്പറേഷൻ മേയറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അഭിവാദ്യം ചെയ്ത വ്യക്തിയാണ് ഇപ്പോൾ ന്യൂയോർക്ക് മേയറായ മംദാനി. അദ്ദേഹത്തിന് ആവേശകരമായ പശ്ചാത്തലമാണ് അതുണ്ടാക്കിയതെന്ന് ട്വിറ്ററിൽ എഴുതിയിരുന്നു. ഇനിയെന്നാണ് ഒരു ചെറുപ്പക്കാരനോ ചെറുപ്പക്കാരിയോ ന്യൂയോർക്കിൽ മേയറായി വരികയെന്ന് അന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു'- എം.വി ഗോവിന്ദൻ പറഞ്ഞു.
'അന്നും അദ്ദേഹം അസംബ്ലി അംഗമായിരുന്നു. ഇപ്പോൾ ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി അദ്ദേഹം വന്നിരിക്കുന്നു. തിരുവനന്തപുരത്ത് അഞ്ച് കൊല്ലം മുമ്പ് മേയറായ അന്നത്തെ 21 വയസുകാരിയെ ശ്ലാഘിച്ച് അദ്ദേഹം ട്വിറ്ററിൽ കുറിച്ച ആ ആവേശകരമായ കാര്യം, സ്വയം സൃഷ്ടിക്കാനുള്ള ശ്രമം അന്ന് മുതൽ അദ്ദേഹം ആരംഭിച്ചെന്നുവേണം മനസിലാക്കാൻ'.
'എന്തായാലും ഒരു ഇടതുപക്ഷധാര ലോകത്ത് ശക്തിപ്പെടുന്നുണ്ട്. ലോകത്തിന്റെ വിവിധമേഖലയിൽ സാമ്രാജ്യത്വ ശക്തികളും യുദ്ധക്കൊതിയന്മാരും ലോകത്തിന്റെ പ്രസിഡന്റ് ചമയുന്ന ട്രംപിനെ പോലുള്ളവരും എന്തെല്ലാം ശ്രമങ്ങൾ നടത്തിയാലും ലോകഭാവി നിർണയിക്കുന്നതിൽ സോഷ്യലിസത്തിന്റെയും അതിന്റെ ആശയങ്ങളുടെയും പ്രസക്തി കൂടിവരുന്നു എന്നാണ് മനസിലാവുന്നത്'- എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Adjust Story Font
16

