Quantcast

'രാവിലെ ഒന്നും വൈകിട്ട് മറ്റൊന്നും പറയുന്നു, നിലപാടുകളിൽ വ്യക്തത ഇല്ല'; സിപിഎം സമ്മേളനത്തിൽ എം.വി ഗോവിന്ദന് വിമര്‍ശനം

നിയമസഭയിൽ മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ ചില മന്ത്രിമാർ മാത്രമാണുണ്ടായത് എന്നാണ് പ്രതിനിധികളുടെ മറ്റൊരു വിമർശനം

MediaOne Logo

Web Desk

  • Updated:

    2025-03-08 02:08:03.0

Published:

8 March 2025 6:22 AM IST

CPM Kerala state conference
X

തിരുവനന്തപുരം: മന്ത്രിമാരെയും വർഗ്ഗ ബഹുജന സംഘടനകളെയും കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഎം സംസ്ഥാന സമ്മേളനത്തിലെ പൊതു ചർച്ച. സംസ്ഥാന സെക്രട്ടറിയുടെ നിലപാടുകളിൽ വ്യക്തത ഇല്ലെന്ന് പ്രതിനിധികൾ പറഞ്ഞു. നിയമസഭയിൽ മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ ചില മന്ത്രിമാർ മാത്രമാണുണ്ടായത് എന്നാണ് പ്രതിനിധികളുടെ മറ്റൊരു വിമർശനം.

സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ രാവിലെ ഒന്നും ഉച്ചയ്ക്ക് ഒന്നും വൈകിട്ട് മറ്റൊന്നും പറയുകയാണ്. നിലപാടുകളിലെ വ്യക്തതക്കുറവിൽ അണികൾക്ക് ആശയക്കുഴപ്പമുണ്ട്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കേണ്ടത് സംസ്ഥാന സെക്രട്ടറി ആണെന്നും പൊതു ചർച്ചയിൽ പങ്കെടുത്ത ഒരു പ്രതിനിധി പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അക്രമങ്ങൾ പ്രതിരോധിക്കാൻ കൂട്ടായ നേതൃത്വം മുന്നോട്ടുവരുന്നില്ല. മുഖ്യമന്ത്രി ഒറ്റയ്ക്കാണ് നേരിടുന്നത്. നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട, കണ്ണൂർ ജില്ലാ സെക്രട്ടറിമാർ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പറഞ്ഞതെന്ന് എറണാകുളത്ത് നിന്നുള്ള പ്രതിനിധി ചർച്ചയിൽ സൂചിപ്പിച്ചു.

ആശാവർക്കമാരുടെ സമരത്തിൽ ആരോഗ്യമന്ത്രിക്ക് വീഴ്ച ഉണ്ടായി. സമരക്കാരുടെ ആവശ്യത്തിൽ നേരത്തെ ചർച്ച നടന്നിട്ടും വേണ്ടത് ചെയ്തില്ലെന്നാണ് വിമർശനം ഉയർന്നത്. യുവജന നേതാക്കൾ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലും വിധം ഇടപെടലുകൾ നടത്തില്ലെന്നും ചർച്ചയിൽ പങ്കെടുത്ത ചിലർ പറഞ്ഞു. കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യയെ മാധ്യമങ്ങൾക്ക് വേട്ടയാടാൻ ഇട്ടുകൊടുത്തു എന്നാണ് കൊല്ലത്തുനിന്ന് പ്രതിനിധി പറഞ്ഞത്. പിഎസ്‍സി ശമ്പളം പരിഷ്കരണത്തിൽ അനാവശ്യമായ തിടുക്കം ഉണ്ടായി എന്നും ചില സൂചിപ്പിച്ചു.

തെറ്റായ പ്രവണതകൾ തിരുത്താനുള്ള പ്ലീനങ്ങൾ ഫലം കണ്ടില്ലെന്ന് സമ്മേളനത്തിൽ വിമർശനമുയര്‍ന്നു. സംസ്ഥാന കമ്മിറ്റി ഇടപെട്ടിട്ടും സഹകരണ മേഖലയിൽ തിരുത്തൽ സാധ്യമായില്ല. സഹകരണ മേഖലയിൽ നടക്കുന്ന കൊള്ള തടയാൻ കൃത്യമായ മാർഗരേഖ വേണമെന്നും ആവശ്യമുയർന്നു.



TAGS :

Next Story