രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: ആരോപണത്തിൽ ജില്ലാ കമ്മിറ്റി ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് എം.വി ഗോവിന്ദൻ
പാർട്ടി പറഞ്ഞിട്ടല്ല സജി ചെറിയാൻ പരാമർശം നടത്തിയത്. ഖേദം പ്രകടിപ്പിച്ചതും പാർട്ടി പറഞ്ഞിട്ടല്ല.

കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സംബന്ധിച്ച ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്റെ ആരോപണം സംബന്ധിച്ച് ജില്ലാ കമ്മിറ്റി ചർച്ച ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംഘടനാവിരുദ്ധ പ്രവർത്തനം കൂടി ചേർന്ന പ്രശ്‌നമാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്. അതുൾപ്പെടെ, ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗവും തുടർന്ന് സെക്രട്ടറിയേറ്റ് യോഗവും ചർച്ച ചെയ്യും. അതിനു ശേഷം ആവശ്യമായ തീരുമാനമെടുക്കുമെന്നും എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇത് പാർട്ടി സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നും ജില്ലാ കമ്മിറ്റിയുടെ തീരുമാനം പരിശോധിച്ച് വിഷയത്തിൽ ഇടപെടേണ്ടതുണ്ടെങ്കിൽ ഇടപെടുമെന്നും എം.വി ഗോവിന്ദൻ. രക്തസാക്ഷി ഫണ്ട് പറ്റിക്കാനോ തട്ടിപ്പ് നടത്താനോ അനുവദിക്കില്ല.
വിഷയം നേരത്തെ പാർട്ടി പരിശോധിച്ചതാണ്. അത് മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ല. കോടാനുകോടി പറ്റിച്ച കോൺഗ്രസിനെ പറ്റി മിണ്ടാട്ടമില്ലേ എന്നും എം.വി ഗോവിന്ദൻ ചോദിച്ചു. നയാ പൈസ തട്ടിപ്പ് നടത്താൻ പാർട്ടി അനുവദിക്കില്ല. പൈസ ചോർന്നുപോകാൻ അനുവദിക്കില്ലെന്നും എം.വി ഗോവിന്ദൻ വിശദമാക്കി.
അതേസമയം, സിപിഎം മതനിരപേക്ഷതയ്ക്കായി നിലകൊള്ളുന്ന പാർട്ടിയാണെന്നും ഒരു തരത്തിലുള്ള വെള്ളം ചേർക്കലും അതിലുണ്ടാകില്ലെന്നും പൊതുസ്വീകാര്യതയില്ലാത്ത ഒരു നിലപാടും പാർട്ടി അംഗീകരിക്കില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. സജി ചെറിയാന്റെയും എ.കെ ബാലന്റെയും പ്രസ്താവനയിലായിരുന്നു പ്രതികരണം.
പാർട്ടി പറഞ്ഞിട്ടല്ല സജി ചെറിയാൻ പരാമർശം നടത്തിയത്. ഖേദം പ്രകടിപ്പിച്ചതും പാർട്ടി പറഞ്ഞിട്ടല്ല. സജി ചെറിയാനെ താക്കീത് ചെയ്തിട്ടില്ല. നടപടി എടുക്കേണ്ടതല്ല, പരിഹരിക്കേണ്ടതാണ് വിഷയമെന്നും എം.വി ഗോവിന്ദൻ.
പാർട്ടി പറഞ്ഞിട്ടല്ല സജി ചെറിയാൻ പരാമർശം നടത്തിയത്. ഖേദം പ്രകടിപ്പിച്ചതും പാർട്ടി പറഞ്ഞിട്ടല്ല. സജി ചെറിയാനെ താക്കീത് ചെയ്തിട്ടില്ല. നടപടി എടുക്കേണ്ടതല്ല, പരിഹരിക്കേണ്ടതാണ് വിഷയമെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Adjust Story Font
16

