Quantcast

പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലത്തിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്, എന്നിട്ടും ക്ഷണിച്ചില്ല, ഇത് കേരളത്തോടുള്ള പകവീട്ടല്‍: എം.വി ഗോവിന്ദന്‍

ജനപ്രതിനിധികളെയും ജനങ്ങളെയും ഉൾപ്പെടുത്തി സമാന്തര ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    11 March 2026 12:20 PM IST

പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലത്തിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്, എന്നിട്ടും ക്ഷണിച്ചില്ല, ഇത് കേരളത്തോടുള്ള പകവീട്ടല്‍: എം.വി ഗോവിന്ദന്‍
X

തിരുവനന്തപുരം: ദേശീയപാത ഉദ്ഘാടനം സംസ്ഥാനത്തിന്റെ അഭിമാനനേട്ടത്തിന്റെ വിളംബരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വളരെ സന്തോഷത്തോടെ കാണേണ്ടിയിരുന്ന പരിപാടിയായിരുന്നെന്നും എന്നാല്‍ രാഷ്ട്രീയ പ്രചാരണവേദിയാക്കി കേന്ദ്രസര്‍ക്കാര്‍ അത് മാറ്റിയെന്നും ഗോവിന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും നേതൃത്വത്തില്‍ ദേശീയപാതക്കെതിരെ കനത്ത സമരങ്ങളാണ് നടന്നത്. അതെല്ലാം മറികടന്ന് പദ്ധതി യാഥാര്‍ഥ്യമാക്കിയിട്ടും പരിപാടിക്ക് ക്ഷണിക്കാതിരുന്നതിലൂടെ കേരളത്തിനെതിരെ വ്യക്തമായ പകപോക്കലാണ് നടന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

'ദേശീയപാത ഉദ്ഘാടനം സംസ്ഥാനത്തിന്റെ അഭിമാനനേട്ടത്തിന്റെ വിളംബരമാണ്. എന്നാല്‍, രാഷ്ട്രീയ പ്രചാരണവേദിയാക്കി കേന്ദ്രസര്‍ക്കാര്‍ അതിനെ മാറ്റി. ദേശീയപാത വികസനം സാധ്യമല്ലെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വ്യക്തമാക്കിയപ്പോഴാണ് ദേശീയപാത അതോറിറ്റി പ്രവര്‍ത്തനം നേരത്തെ ഉപേക്ഷിച്ചിരുന്നത്. കേരള സര്‍ക്കാരിന് ധനപരമായ പങ്കാളിത്തം ഉള്ള പദ്ധതിയാണ് ദേശീയ ഹൈവേ. മറ്റൊരു സംസ്ഥാനങ്ങള്‍ക്കും അത്തരമൊരു അവകാശമില്ല. ഭൂമി ഏറ്റെടുക്കാന്‍ മറ്റൊരു സംസ്ഥാനവും നയാ പൈസ ചിലവഴിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന്റെ കൂടി പദ്ധതിയാണ് ദേശീയപാത'. ഗോവിന്ദന്‍ പറഞ്ഞു.

'5580 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ നല്‍കിയത്. ഈ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് വെട്ടിക്കുറയ്ക്കുകയുമുണ്ടായി. വലിയ സമരമാണ് ബിജെപിയും കോണ്‍ഗ്രസും സ്ഥലമേറ്റെടുപ്പിന് എതിരെ നടത്തിയത്. സുരേഷ് ഗോപിയും വി.എം സുധീരനുമെല്ലാം സമരത്തിന് നേതൃത്വം നല്‍കുകയുണ്ടായി. ഈ സമരങ്ങളെല്ലാം മറികടന്നാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലത്തിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്. എന്നിട്ടും മന്ത്രിയെ ക്ഷണിക്കാതിരുന്നത് കേരളത്തോടുള്ള വ്യക്തമായ പകപോക്കലാണെന്നതില്‍ സംശയമില്ല. ഈ സാഹചര്യത്തില്‍ സമാന്തര ആഘോഷപരിപാടികൾ നടത്തും. ജനപ്രതിനിധികളും ജനങ്ങളും റോഡ് ഷോയില്‍ പങ്കെടുക്കും'. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story