Quantcast

'നിലപാടില്ല, നയമില്ല.. ജാഥയിൽ പ്രാധാന്യം കൊടുക്കേണ്ടത് ഭൂമിശാസ്ത്രത്തിനല്ല'; എംവി ഗോവിന്ദൻ

മൃദുഹിന്ദുത്വം സ്വീകരിക്കുന്ന കോൺഗ്രസിനെ ന്യൂനപക്ഷങ്ങൾ എങ്ങനെ വിശ്വസിക്കുമെന്നും സിപിഎം ചോദിക്കുന്നു.

MediaOne Logo

Web Desk

  • Published:

    15 Sep 2022 5:52 AM GMT

നിലപാടില്ല, നയമില്ല.. ജാഥയിൽ പ്രാധാന്യം കൊടുക്കേണ്ടത് ഭൂമിശാസ്ത്രത്തിനല്ല; എംവി ഗോവിന്ദൻ
X

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജാഥയെ അല്ല വിമർശിച്ചതെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒഴിവാക്കിയതിനെതിരെയാണ് വിമർശനമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഒരു ഹിന്ദു രാഷ്ട്രത്തിലേക്ക് രാജ്യത്തെ നയിക്കുന്നതിന് വേണ്ടിയുള്ള ബിജെപിയുടെ ശ്രമങ്ങളാണ്. ഇതിനെതിരെ വിമർശനം ഉന്നയിക്കാനോ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭാരത് ജോഡോ നടത്താനോ കോൺഗ്രസിന് കഴിയുന്നില്ലെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് രാഷ്ട്രീയം പറയുന്നില്ലെന്ന ആക്ഷേപം തുടക്കം മുതൽ തന്നെ രാഷ്ട്രീയ നിരീക്ഷകരടക്കം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിന്റെ നേതൃനിരയിൽ നിന്ന് തന്നെ വിമർശനം ഉയർന്നുവരുന്നത്. ഇന്ത്യയെ ഒന്നിപ്പിക്കാനാണ് ഈ യാത്രയെങ്കിൽ എന്തുകൊണ്ട് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകുന്നില്ല എന്ന വിമർശനം സിപിഎമ്മിന്റെ കേന്ദ്രനേതൃത്വം നേരത്തെ മുന്നോട്ടുവെച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സംസ്ഥാന നേതൃത്വവും ഇതേ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ദേശാഭിമാനിയിലെ മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച എംവി ഗോവിന്ദൻ ഭാരത് ജോഡോ യാത്രക്ക് നിലപാടില്ലെന്ന് കുറ്റപ്പെടുത്തി. ബിജെപിയുടെ വർഗീയത തടുക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ബിജെപി ഹിന്ദുത്വം പറയുമ്പോൾ മൃദുഹിന്ദുത്വ സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. അങ്ങനെ മൃദുഹിന്ദുത്വം സ്വീകരിക്കുന്ന കോൺഗ്രസിനെ ന്യൂനപക്ഷങ്ങൾ എങ്ങനെ വിശ്വസിക്കുമെന്നും സിപിഎം ചോദിക്കുന്നു.

ഭാരത് ജോഡോയുടെ രണ്ടാം മുദ്രാവാക്യമായി ഉയർത്തുന്നത് വിലക്കയറ്റമാണ്. കർഷകസമരത്തെ പോലും പൂർണമായി പിന്തുണക്കാൻ കഴിയാത്ത കോൺഗ്രസ് എങ്ങനെയാണ് വിലക്കയറ്റത്തിനെതിരെ പ്രതിരോധം സംഘടിപ്പിക്കുന്നതെന്നും ലേഖനത്തിൽ ചോദിക്കുന്നു. സാമ്പത്തിക രംഗത്ത് ബദൽ സംഘടിപ്പിക്കാൻ കോൺഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും സിപിഎം കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിലൂടെ പത്തൊൻപത് ദിവസം കടന്നുപോകുന്ന യാത്ര ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വളരെ തുച്ഛമായ ദിവസമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചില സംസ്ഥാനങ്ങളെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ യാത്രയെ അല്ല തങ്ങൾ വിമർശിക്കുന്നത്, അത് സംഘടിപ്പിക്കുന്ന രീതിയെയാണെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

TAGS :

Next Story