സിപിഎം സംസ്ഥാന സമ്മേളനം: ഉണ്ടായത് സ്വാഭാവിക വിമർശനം മാത്രമെന്ന് എം.വി.ഗോവിന്ദൻ
സംസ്ഥാന സെന്ററിന്റെ പ്രവർത്തനം മികച്ചതാണെന്നാണ് പ്രതിനിധികളുടെ അഭിപ്രായമെന്നും ഗോവിന്ദൻ

കൊല്ലം: സ്വാഭാവിക വിമർശനം മാത്രമാണ് സമ്മേളനത്തിൽ ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മറുപടി പ്രസംഗത്തോടെ വിമർശനങ്ങൾ എല്ലാം അവസാനിക്കും. സംസ്ഥാന സെന്ററിന്റെ പ്രവർത്തനം മികച്ചതാണെന്നാണ് പ്രതിനിധികളുടെ അഭിപ്രായമെന്നും ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും, മന്ത്രിമാർക്കും നേരെ സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. എല്ലാം കണ്ണൂർകാർക്ക് എന്നതായിരുന്നു എം വി ഗോവിന്ദനുമായി ബന്ധപ്പെട്ട വിമർശനത്തിന്റെ ആകെ തുക.. മെറിറ്റും, മൂല്യവും എപ്പോഴും പാർട്ടി സംസ്ഥാന സെക്രട്ടറി പറയാറുണ്ട്.പക്ഷേ സ്ഥാനങ്ങൾ വീതം വയ്ക്കുന്നത് കണ്ണൂർകാർക്ക് മാത്രമാണെന്ന് പത്തനംതിട്ടയിൽ നിന്നുള്ള പ്രതിനിധി പി ബി ഹർഷകുമാർ വിമർശിച്ചു.
മന്ത്രിമാരുടെ പ്രവർത്തനം പോരാന്ന് ചർച്ചയിൽ ചില അംഗങ്ങൾ വിമർശിച്ചു. വ്യവസായിക മേഖലയ്ക്ക് പിന്നാലെ പോകുമ്പോൾ പരമ്പരാഗത മേഖല അവഗണിക്കുകയാണെന്നും വിമർശനമുണ്ടായി.
അതേസമയം, കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെ മറികടക്കാൻ വിഭവ സമാഹരണ കണ്ടെത്തുന്നതിലാണ് നവകേരള രേഖ ഊന്നുന്നതെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. സെസ് ചുമത്തുന്നതിന്റെ സാധ്യത പരിശോധിക്കണം. വരുമാനത്തിനനുസരിച്ച് വ്യക്തികളിൽ നിന്ന് സർക്കാർ സേവനങ്ങൾക്ക് ഫീസ് ഈടാക്കുന്നത് പരിഗണിക്കും. രേഖയിൽ ജനവിരുദ്ധമായ ഒന്നും ഉണ്ടാവില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Adjust Story Font
16

