തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി; സംഘടനാ ദൗർബല്യം ഉണ്ടായതായി എം.വി ഗോവിന്ദൻ
മുസ്‌ലിം ലീഗ് എസ്ഡിപിഐഎയെയും ജമാഅത്തെ ഇസ്‌ലാമിയേയും കൂട്ടുപിടിച്ചു. ഇവരെ ഉപയോഗപ്പെടുത്തി കള്ളപ്രചാരവേല നടത്തിയെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നേരിടുന്നതിൽ പാർട്ടിക്ക് ദൗർബല്യം ഉണ്ടായതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രാദേശികതലത്തിൽ വീഴ്ച ഉണ്ടായതായും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് സംസ്ഥാന നേതൃയോഗം വിശദമായി പരിശോധിച്ചതായും ഗോവിന്ദൻ പറഞ്ഞു.
അപ്രതീക്ഷിതമായുണ്ടായ പരാജയം വിലയിരുത്തി. നിയമസഭ തെരഞ്ഞെടുപ്പിൽ ശരിയായി മുന്നോട്ട് പോകാനാണ് തീരുമാനം. 60 നിയോജക മണ്ഡലങ്ങളിൽ മുന്നിൽ. ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് ശതമാനം തദ്ദേശ തെരഞ്ഞെടുപ്പിൽ ഉയർന്നു. 17,35,175 വോട്ടിൻ്റെ വർധന ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായി. യുഡിഎഫിനും ബിജെപിക്കും വോട്ട് കുറഞ്ഞുവെന്നും ഗോവിന്ദൻ പറഞ്ഞു.
അമിത ആത്മവിശ്വാസം പരാജയത്തിന് കാരണമായി. സർക്കാരിനാട് ജനങ്ങൾക്കുള്ളത് മികച്ച വിലയിരുത്തലാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചുവരാൻ കഴിയും എന്ന് വിലയിരുത്തി. സർക്കാരിനെ കുറിച്ച് പ്രചാരണം നടത്തി വോട്ട് നേടാൻ യുഡിഎഫോ ബിജെപിയോ ശ്രമിച്ചില്ല. കള്ളപ്രചാരണം ഉയർത്തിയായിരുന്നു തെരഞ്ഞെടുപ്പിന് നേരിട്ടത്. വിശ്വാസികളെ കബളിപ്പിച്ച വോട്ട് നേടാൻ ശ്രമം നടന്നു.
മുസ്‌ലിം ലീഗ് എസ്ഡിപിഐഎയെയും ജമാഅത്തെ ഇസ്‌ലാമിയേയും കൂട്ടുപിടിച്ചു. ഇവരെ ഉപയോഗപ്പെടുത്തി കള്ളപ്രചാരവേല നടത്തിയെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു. എൽഡിഎഫും ബിജെപിയും തമ്മിൽ മത്സരം നടന്നിടങ്ങളിൽ കോൺഗ്രസ് വോട്ട് ബിജെപിക്ക് നൽകി. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ജയിച്ച 43 ഇടങ്ങളിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്. പണക്കൊഴുപ്പിന്റെ ശക്തമായ ഇടപെടൽ യുഡിഎഫും ബിജെപിയും നടത്തി. വോട്ട് കൈമാറ്റത്തിന് ശേഷം ഭാരവാഹി തെരഞ്ഞെടുപ്പിലും ഈ കൂട്ടുകെട്ട് തുടരുന്നു. മാധ്യമങ്ങൾ തുടർച്ചയായി നടത്തിയ പ്രചരണം ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി.
കോൺഗ്രസുകാർക്ക് ബിജെപിയായി മാറാൻ ഒരു പ്രയാസവുമില്ല എന്നതാണ് മറ്റത്തൂരിൽ കണ്ടത്. ജില്ലാ നേതൃത്വത്തിന്റെ പൂർണപിന്തുണയോടെയാണ് കൂറുമാറ്റം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ന്യായീകരിച്ചു. ഏത് നേരവും കൂറുമാറാം എന്നതാണ് ഇത് തെളിയിക്കുന്നത്. കോൺഗ്രസിനെ ജയിപ്പിച്ചാൽ ബിജെപി സഹായകമാകുമെന്ന് പറയുന്നത് ഇപ്പോൾ ജനങ്ങൾക്ക് വ്യക്തമായി. ആർഎസ്എസിനെ ന്യായീകരിച്ചു നടക്കുന്ന ശശി തിരൂർ ഇപ്പോഴും കോൺഗ്രസിലാണ് ഉള്ളത്. ആർഎസ്എസ് മെച്ചപ്പെട്ട സംഘടന എന്നാണ് ദിഗ് വിജയസിങ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

