'കുഞ്ഞികൃഷ്ണന്‍ പറഞ്ഞത് വാസ്തവ വിരുദ്ധം'; ഫണ്ട് പിരിവിന്‍റെ പേരില്‍ ധനാപഹരണം നടത്തിയിട്ടില്ലെന്ന് എം.വി ജയരാജൻ
പ്രസ്താവന പാർട്ടിയെ തകർക്കാനെന്നും ജയരാജന്‍ പറഞ്ഞു

കണ്ണൂര്‍: കുഞ്ഞികൃഷ്ണന്‍ പറഞ്ഞത് വാസ്തവ വിരുദ്ധമെന്ന് എം.വി ജയരാജന്‍. പാർട്ടി അന്വേഷിച്ച് ക്രമക്കേടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫണ്ട് പിരിവിന്‍റെ പേരില്‍ ധനാപഹരണം നടത്തിയിട്ടില്ല. പ്രസ്താവന പാർട്ടിയെ തകർക്കാനെന്നും ജയരാജന്‍ പറഞ്ഞു.
കോടിയേരിക്കെതിരെ അടക്കം ആക്ഷേപം ഉന്നയിച്ചു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് അടക്കമാണ് ആരോപിച്ചത്. കുഞ്ഞികൃഷ്ണൻ പറഞ്ഞ കാര്യങ്ങളിൽ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്. ആരും വ്യക്തിപരമായി ധനാപഹരണം നടത്തിയിട്ടില്ല എന്നാണ് പാർട്ടി കണ്ടെത്തൽ. വരവ് ചെലവ് കണക്ക് പാർട്ടിയിൽ അവതരിപ്പിച്ച അംഗീകാരം വാങ്ങുന്നതിൽ ചില വീഴ്ച സംഭവിച്ചിട്ടുണ്ട്. ആ വീഴ്ച കണക്കിലെടുത്താണ് നടപടികൾ സ്വീകരിച്ചത്.
കുഞ്ഞികൃഷ്ണൻ പറഞ്ഞ കാര്യം പാർട്ടിയെ തകർക്കാൻ വേണ്ടിയുള്ളതാണ്. തെറ്റുപറ്റിയാൽ പാർട്ടിയെ തിരുത്താനുള്ള മാർഗം ഇതല്ല. എലിയെ പിടിക്കാൻ ഇല്ലം ചുടുന്നത് പോലെയുള്ളതാണ് അദ്ദേഹം എടുത്ത സമീപനം. അദ്ദേഹം അടക്കം പാർട്ടി കമ്മിറ്റിയിൽ ഉണ്ടായിരുന്നപ്പോഴാണ് രണ്ട് റിപ്പോർട്ടുകളും പാർട്ടി ചർച്ച ചെയ്ത് നിലപാടെടുത്തത്.
പാർട്ടിയുടെ സംഘടനാപരമായ രീതി പാർട്ടി കമ്മിറ്റി ചർച്ച ചെയ്ത് ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ ആ നിലപാടിനൊപ്പം അല്ലാതെ മറ്റൊരു നിലപാട് സ്വീകരിക്കാൻ പാടില്ല. കുഞ്ഞികൃഷ്ണൻ സ്വീകരിച്ച നിലപാട് ഞാൻ ഒഴിച്ച് മറ്റെല്ലാവരും കള്ളന്മാർ എന്നതാണ്. അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാകില്ല. ഒരു ഫണ്ട് തട്ടിപ്പും ഉണ്ടായിട്ടില്ല.
തനിക്കെതിരെ പാർട്ടി നടപടി ഉണ്ടാകും എന്നത് കുഞ്ഞികൃഷ്ണൻ തന്നെ പറഞ്ഞിട്ടുണ്ട്. പാർട്ടി കൂട്ടായി ചർച്ച ചെയ്തിട്ടാണ് തീരുമാനമെടുക്കുക. കണ്ണൂർ ജില്ലാ കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനമെടുക്കും. ധനാപഹരണം നടന്നെങ്കിൽ മാത്രമല്ലേ കുഞ്ഞികൃഷ്ണന്‍റെ വാദങ്ങൾക്ക് നിലനിൽപ്പുള്ളൂ. അകാലത്തിൽ വിടപറഞ്ഞ കോടിയേരിയുടെ പേര് അദ്ദേഹം ഉൾപ്പെടുത്തിയത് അങ്ങേയറ്റം ഖേദകരമാണ്. ഈ നിലപാട് കുഞ്ഞികൃഷ്ണൻ തിരുത്താത്ത ഇടത്തോളം കാലം അദ്ദേഹത്തിന്‍റെ വാക്കുകൾക്ക് തന്നെ വിലയില്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

