സൈറണ്‍ മുഴക്കി അമിതവേഗത്തില്‍ കാര്‍, ഡ്രൈവര്‍ ഉള്‍പ്പെടെ എല്ലാവരും മദ്യലഹരിയില്‍; കാല്‍ ലക്ഷം പിഴയിട്ടു
വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു

ആലപ്പുഴ: സൈറണ്‍ മുഴക്കി റോട്ടില്‍ അഭ്യാസപ്രകടനം നടത്തുകയും മദ്യപിച്ച് കാറോടിക്കുകയും ചെയ്ത സംഭവത്തില്‍ കാല്‍ ലക്ഷം പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. കാറില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ചാരുംമൂട്ടിലാണ് കാറില്‍ യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്.
ഇന്നലെ വൈകിട്ട് ചാരുംമൂട് കെപി റോഡിലാണ് സംഭവം. പൊലീസ് പരിശോധനക്കിടെ കാര്‍ അമിത വേഗതയില്‍ സൈറണ്‍ മുഴക്കി എത്തുകയായിരുന്നു. വാഹനം നിര്‍ത്തിച്ച് പരിശോധിച്ചപ്പോള്‍ മദ്യലഹരിയിലായിരുന്ന യുവാക്കളാണ് ഉള്ളിലുണ്ടായിരുന്നത്. വാഹനം ഓടിച്ചയാളും മദ്യലഹരിയിലായിരുന്നു. ഇവര്‍ക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിനും അമിത വേഗതക്കും പൊലീസ് കേസ് എടുത്തു.
ഇതിനുശേഷം മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ വാഹനത്തില്‍ കണ്ടെത്തി. അമിതമായി ശബ്ദ സംവിധാനങ്ങള്‍ ഉപയോഗിച്ചിരുന്നതോടൊപ്പം തന്നെ നിയമാനുസൃതമല്ലാതെ നിറംമാറ്റം അടക്കമുള്ളവ നടത്തിയെന്നും കണ്ടെത്തി. നിയമാനുസൃതമല്ലാത്ത ലൈറ്റുകളുമുണ്ട്. ഇതോടെയാണ് 24,600 രൂപ പിഴ ചുമത്തിയത്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതും ലൈസന്‍സ് റദ്ദാക്കുന്നതും അടക്കമുള്ള നടപടികള്‍ സ്വീകരിക്കും.
Adjust Story Font
16

