Quantcast

കെട്ടിടത്തിൽ നിന്ന് വീണെന്ന് കുടുംബം; ഇരുകവിളുകളിലും രക്തം കല്ലിച്ച പാടുകൾ; പെരുമ്പാവൂരിലെ മൂന്ന് വയസുകാരൻ്റെ മരണത്തിൽ ദുരൂഹത

സംഭവത്തിൽ അയൽവാസികൾ സംശയം പ്രകടിപ്പിച്ചതോടെ രണ്ടാനച്ഛൻ മഹേശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

MediaOne Logo

Web Desk

  • Published:

    5 Nov 2026 9:04 PM IST

കെട്ടിടത്തിൽ നിന്ന് വീണെന്ന് കുടുംബം; ഇരുകവിളുകളിലും രക്തം കല്ലിച്ച പാടുകൾ; പെരുമ്പാവൂരിലെ മൂന്ന് വയസുകാരൻ്റെ മരണത്തിൽ ദുരൂഹത
X

പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ അസം സ്വദേശികളായ ദമ്പതികളുടെ മകൻ വിറ്റു പാൻ എന്ന മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ ദുരൂഹത. കുട്ടി കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതിനെത്തുടർന്ന് മരിച്ചെന്നാണ് കുടുംബം അറിയിച്ചത്. എന്നാൽ മർദനമേറ്റുള്ള കൊലപാതകമെന്ന സംശയത്തിലാണ് പൊലീസ്.

ഇന്നലെയാണ് വല്ലത്ത് അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് കുട്ടി വീണത്. എന്നാൽ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ ദമ്പതികൾ തയ്യാറായില്ല. അയൽവാസികൾ ആവശ്യപ്പെട്ടിട്ടുപോലും അമ്മയോ രണ്ടാനച്ഛനോ കുട്ടിക്ക് ചികിത്സ നൽകിയില്ലെന്നാണ് ആരോപണം. തുടർന്ന് ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിലെത്തിക്കുകയിരുന്നു. എന്നാൽ അതിന് മുമ്പേ കുട്ടി മരിച്ചു.

സംഭവത്തിൽ അയൽവാസികൾ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് രണ്ടാനച്ഛൻ മഹേശ്വറിനെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ രണ്ട് കവിളുകളിലും രക്തം കല്ലിച്ച പാടുകൾ കണ്ടെത്തിയതാണ് മരണത്തിൽ ദുരൂഹത വർധിപ്പിച്ചത്. രണ്ടാനച്ഛന്റെ ക്രൂരമായ മർദനമേറ്റാണ് കുട്ടി മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മഹേശ്വറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

TAGS :

Next Story