വാടക വീടുകൾ തേടി അലയണ്ട; തഫസ്സുൽ ഹുസൈൻ ഇനി ഫ്‌ളാറ്റിൽ
ജീവകാരുണ്യപ്രവർത്തകനായ നാസർ മാനുവാണ് ഫ്‌ളാറ്റ് വാടകയില്ലാതെ നൽകാൻ സന്നദ്ധത അറിയിച്ചതെന്ന് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു

പെരിന്തൽമണ്ണ: അസം ബാലൻ തഫസ്സുൽ ഹുസൈനും കുടുംബവും രണ്ടാഴ്ചക്കകം പെരിന്തൽമണ്ണ തോട്ടക്കരയിലെ രണ്ട് മുറികളുള്ള ഫ്‌ളാറ്റിലേക്ക് മാറും. ജീവകാരുണ്യപ്രവർത്തകനായ നാസർ മാനുവാണ് ഫ്‌ളാറ്റ് വാടകയില്ലാതെ നൽകാൻ സന്നദ്ധത അറിയിച്ചതെന്ന് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു.
കഴിഞ്ഞ ജൂലൈയിലാണ് തഫസ്സുലും കുടുംബവും മഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് താമസം മാറിയത്. വാഹനാപകടത്തിൽ ബാപ്പ മരിച്ചതോടെ കുടുംബം അനാഥമായി. അസുഖബാധിതയായ ഉമ്മയെ ചികിത്സിക്കാനും കുടുംബം പോറ്റാനും ചായയും പലഹാരവുമായി തഫസ്സുൽ പെരിന്തൽമണ്ണ ബൈപാസ് റോഡിലേക്കിറങ്ങി.
പെരിന്തൽമണ്ണ ബോയ്‌സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ തഫസ്സുൽ സ്‌കൂൾവിട്ട ശേഷമാണ് തൊഴിലിനിറങ്ങുന്നത്. ഒരു വ്‌ളോഗർ പകർത്തിയ വീഡിയോ പുറത്തുവന്നതോടെയാണ് തഫസ്സുലിന്റെ കഥ പുറത്തറിഞ്ഞത്. തുടർന്നാണ് നജീബ് കാന്തപുരം ഇടപെട്ടത്. തഫസ്സുലിന്റെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് നജീബ് കാന്തപുരം നേരത്തെ അറിയിച്ചിരുന്നു.
Adjust Story Font
16

