Quantcast

'ഞാനാ ഉമ്മയെ നോക്കണത്...'; ഉപജീവനത്തിനായി ചായ വിറ്റുനടന്ന ഏഴാം ക്ലാസുകാരന്റെ പഠനച്ചെലവ് ഏറ്റെടുത്ത് നജീബ് കാന്തപുരം എംഎൽഎ

മൂന്ന് വർഷം മുമ്പാണ് ഹുസൈനും കുടുംബവും കേരളത്തിലെത്തിയത്. കഴിഞ്ഞ നോമ്പുകാലത്ത് ഒരു വാഹനമിടിച്ച് ഉപ്പ മരിച്ചു.

MediaOne Logo

Web Desk

  • Published:

    28 Oct 2025 10:58 AM IST

Najeeb Kanthapuram MLA takes care of the education expenses of a seventh-grader who sells tea for a living
X

മലപ്പുറം: അസുഖബാധിതയായ ഉമ്മയെ നോക്കാനും മരുന്ന് വാങ്ങാനും വീട്ടുചെലവുകൾക്കുമായി പെരിന്തൽമണ്ണ ടൗണിലൂടെ ചായ വിറ്റ് നടന്നിരുന്ന അസം സ്വദേശിയായ ഏഴാം ക്ലാസുകാരന് സഹായഹസ്തവുമായി നജീബ് കാന്തപുരം എംഎൽഎ. അസമിൽനിന്ന് മാതാപിതാക്കൾക്കൊപ്പം കേരളത്തിലെത്തുകയും പിന്നീട് പിതാവിനെ നഷ്ടമാവുകയും ചെയ്ത ഹുസൈൻ എന്ന കുട്ടിക്കാണ് പെരിന്തൽമണ്ണ എംഎൽഎ വീട്ടിലെത്തി നേരിട്ടുകണ്ട് സഹായം വാഗ്ദാനം ചെയ്തത്.

വീട്ടുചെലവിനായി ചായ വിൽക്കാനിറങ്ങുകയും എന്നാൽ അത് വിറ്റുപോവാതെ വിഷമിച്ചുനിൽക്കുകയും ചെയ്ത ഹുസൈനുമായി ഒരു യുവാവ് സംസാരിക്കുന്ന വീഡിയോ വൈറലായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് എത്തിയതെന്നും രാത്രി 9.20 ആയിട്ടും ആകെ അഞ്ച് ചായയേ വിറ്റിട്ടുള്ളൂവെന്നും പറയുമ്പോൾ ഹുസൈന്റെ കണ്ണുനിറഞ്ഞെങ്കിലും കണ്ണുനീർ വീഴാതിരിക്കാൻ അവൻ പരമാവധി ശ്രമിച്ചു. തുടർന്നാണ്, എംഎൽഎ ഹുസൈൻ താമസിക്കുന്ന വാടകവീട്ടിലെത്തിയതും ആശ്വാസമേകിയതും.

മൂന്ന് വർഷം മുമ്പാണ് ഹുസൈനും കുടുംബവും കേരളത്തിലെത്തിയത്. അസമിലെ നഗാവോം ആണ് സ്വദേശം. കഴിഞ്ഞ നോമ്പുകാലത്ത് ഒരു വാഹനമിടിച്ച് ഉപ്പ മരിച്ചു. അതോടെ, രോഗിയായ ഉമ്മയ്ക്ക് ഹുസൈൻ മാത്രമായി തുണ. ഉമ്മയ്ക്ക് മരുന്ന് വാങ്ങാനും വീട്ടുചെലവുകൾക്കും മറ്റുമാണ് ഹുസൈൻ എല്ലാ ദിവസവും സ്‌കൂൾ വിട്ടുവന്ന ശേഷം വീട്ടിൽ തന്നെ ചായയുണ്ടാക്കി പെരിന്തൽമണ്ണ ബൈപ്പാസ് ജങ്ഷനിലേക്ക് ഇറങ്ങുന്നത്. എന്നാൽ പലപ്പോഴും ചായ മുഴുവനും വിറ്റുപോവാറില്ല. അതിനാൽ തന്നെ വീട്ടിലെ ആവശ്യങ്ങൾ നിറവേറ്റാനുമാവില്ല. അങ്ങനെ ഏറെ വിഷമത്തോടെയാണ് ഹുസൈൻ പല ദിവസവും വീട്ടിലേക്ക് മടങ്ങുന്നത്.

കേരളത്തിലെത്തി രണ്ടു മൂന്ന് മാസം കൊണ്ട് ഹുസൈൻ നന്നായി മലയാളം പഠിച്ചു. അസുഖബാധിതനായിരുന്ന സുഹൃത്തിന്റെ മകനെ സന്ദർശിക്കാനും സഹായിക്കാനും പോയി തിരിച്ചുവരുമ്പോൾ വാഹനമിടിച്ചാണ് ഹുസൈന് പിതാവിനെ നഷ്ടമായത്. അതിനു ശേഷം ഉമ്മയെ ആശുപത്രിയിൽ കൊണ്ടുപോവുന്നതും വീട്ടുകാര്യങ്ങൾ നോക്കുന്നതും താൻ തനിച്ചാണെന്ന് ഹുസൈൻ എംഎൽഎയോട് പറഞ്ഞു. പഠിക്കാൻ ഇഷ്ടമാണെന്ന് പറഞ്ഞ ഹുസൈനോട്, മിടുക്കനായി പഠിക്കണമെന്നും നിനക്ക് നല്ല കഴിവും നേതൃപാടവവുമുണ്ടെന്നും എംഎൽഎ പറഞ്ഞു.

കേരളം വിട്ട് അസമിലേക്ക് പോവാൻ തനിക്ക് താത്പര്യമില്ലെന്നും കുട്ടി പറഞ്ഞു. കുറച്ചുകൂടി നല്ല വീട്ടിലേക്ക് മാറാൻ സഹായിക്കാമെന്ന് എംഎൽഎ പറഞ്ഞു. പഠിച്ചിട്ടേ കാര്യമുള്ളൂ എന്ന് ഹുസൈൻ വ്യക്തമാക്കി. ഇതോട, പഠിച്ചിട്ടേ കാര്യമുള്ളൂ എന്ന് പറയാൻ ഒരു കുട്ടിയുണ്ടായല്ലോ എന്നും വിദ്യാഭ്യാസ ചെലവെല്ലാം ഏറ്റെടുക്കാമെന്നും പുതിയ യൂണിഫോമടക്കം വാങ്ങാമെന്നും മദ്രസയിൽ പോവാനുള്ള സൗകര്യമൊരുക്കാമെന്നും എംഎൽഎ ഉറപ്പ് നൽകി. ഭക്ഷണകാര്യങ്ങളും മറ്റും കൂടിയാലോചിച്ച ശേഷം തീരുമാനിക്കാമെന്നും ഇനി കായികമത്സരങ്ങളിലും പങ്കെടുക്കണമെന്നും എംഎൽഎ പറഞ്ഞു. പുറത്തേക്കിറങ്ങിയ എംഎൽഎ ഇതാണ് തന്റെ വണ്ടിയെന്നും എപ്പോൾ കണ്ടാലും കൈകാണിക്കണമെന്നും പറഞ്ഞ് കൈകൊടുത്ത് മടങ്ങി... തിരികെ നടക്കുമ്പോൾ ഹുസൈന്റെ മനസിൽ ആശ്വാസത്തിന്റെ, പ്രതീക്ഷയുടെ പുതിയ പുലരി തെളിഞ്ഞു.


TAGS :

Next Story