Quantcast

'നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം' വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റുകള്‍ പുറത്ത്; ഹവാല ഇടപാടിൻ്റെ കോര്‍ ഗ്രൂപ്പെന്ന് ഇഡി, ചാറ്റുകളില്‍ തെളിവില്ല

ഹവാല ഇടപാട് നടന്നു എന്ന് ഇഡി പറയുന്ന കാലത്തെ ചാറ്റുകളാണ് പുറത്തുവിട്ടത്

MediaOne Logo

Web Desk

  • Updated:

    2026-09-15 09:10:32

Published:

15 Sept 2026 12:50 PM IST

nammal baypore core team chats published
X

കോഴിക്കോട്: പി.എ മുഹമ്മദ് റിയാസ് എംഎല്‍എ ഉള്‍പ്പെട്ട ഹവാല ഇടപാടിന്റെ കോര്‍ ഗ്രൂപ്പെന്ന് ഇഡി വിശേഷിപ്പിച്ച 'നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം' വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റുകള്‍ അംഗങ്ങള്‍ പുറത്തുവിട്ടു. വീഡിയോ രൂപത്തിലാണ് ചാറ്റുകള്‍ പുറത്തുവിട്ടത്. ജൂണ്‍ മുതലുള്ളതാണ് ചാറ്റുകള്‍. ഹവാല ഇടപാടുകളുടെ വിവരങ്ങള്‍ പുറത്തുവന്ന ചാറ്റില്‍ ഇല്ല. ഹവാല ഇടപാട് നടന്നു എന്ന് ഇഡി പറയുന്ന കാലത്തെ ചാറ്റുകളാണ് പുറത്തുവിട്ടത്

'നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം' എന്ന പേരില്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും ഈ ഗ്രൂപ്പ് വഴിയാണ് ഹവാല ഇടപാടുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത് എന്നുമാണ് ഇഡി പറഞ്ഞിരുന്നത്. എന്നാല്‍, 'നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം' എന്ന ഗ്രൂപ്പ് അത്തരത്തിലുള്ള ഒരു ഗ്രൂപ്പ് അല്ലെന്നും പൊതു ഗ്രൂപ്പാണെന്നും അംഗങ്ങള്‍ പറയുന്നു. സിപിഎമ്മിന്റെ നിരവധി പ്രവര്‍ത്തകരുള്ള ഒരു ഗ്രൂപ്പാണിത്. 2024 ജൂണ്‍ 17 മുതല്‍ ഉള്ള ചാറ്റുകളാണ് ഒരു വീഡിയോ രൂപത്തില്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട നിരവധി പരിപാടികള്‍, മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പലതരത്തിലുള്ള പരിപാടികള്‍, ബേപ്പൂര്‍ ഫെസ്റ്റ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ തുടങ്ങിയവയുടെ പോസ്റ്ററുകളാണ് ഈ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിട്ടുള്ളത്.

ഹവാല ഓപ്പറേഷനുകള്‍ക്കായി പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പ് തയാറാക്കിയെന്നായിരുന്നു ഇഡി വാദം. വി.പി ഫൈജാസ്, ഷൈജല്‍ കെ.യു എന്നിവര്‍ ഉള്‍പ്പടെ 16 അംഗങ്ങളാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. മിനിസ്റ്റര്‍ റിയാസ് എന്ന് സേവ് ചെയ്ത നമ്പറും ഗ്രൂപ്പിലുണ്ടായിരുന്നെന്നും 'DXB Subair Koduvally Hawa' എന്ന നമ്പറിലേക്ക് നടത്തിയ ചാറ്റുകള്‍ തെളിവായുണ്ടെന്നുമാണ് ഇഡി പറഞ്ഞത്. ഹവാല ഇടപാടിന്റെ അന്താരാഷ്ട്ര മോഡലാണിതെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

മാസപ്പടി കേസില്‍ ഹവാല ഇടപാട് വീണ സമ്മതിച്ചെന്ന ഇഡി ആരോപണങ്ങള്‍ക്ക് പി.എ മുഹമ്മദ് റിയാസ് എംഎല്‍എ ഇന്ന് മറുപടി നല്‍കിയിരുന്നു. മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ കരിവാരിത്തേക്കാന്‍ അന്വേഷണ ഏജന്‍സി തയാറാക്കിയ മികച്ച തിരക്കഥ മാത്രമാണെന്ന് റിയാസ് കുറ്റപ്പെടുത്തി. ഇഡി തയ്യാറാക്കിയ ഈ വ്യാജ തിരക്കഥയ്ക്ക് ദേശീയതലത്തില്‍ അവാര്‍ഡ് നല്‍കണമെന്നും അദ്ദേഹം പരിഹസിച്ചു.

ഭാവി ബിസിനസ് സാധ്യതകളുമായി ബന്ധപ്പെട്ട് എഴുതിവെച്ച ചില കുറിപ്പുകളെയാണ് ഇഡി ഹവാല ഇടപാടെന്ന പേരില്‍ തെറ്റായി ചിത്രീകരിക്കുന്നത്. ഇഡി മൂന്ന് തവണ വീണയെ ചോദ്യം ചെയ്തപ്പോഴും ഹവാല ഇടപാടുകളെക്കുറിച്ച് ഒരു ചോദ്യം പോലും ചോദിച്ചിരുന്നില്ല. ചോദ്യം ചെയ്യലില്‍ രേഖപ്പെടുത്തിയ മൊഴിപ്പകര്‍പ്പില്‍ ഒപ്പിട്ടു നല്‍കിയത് വിവരങ്ങള്‍ സാക്ഷ്യപ്പെടുത്താന്‍ മാത്രമാണെന്നും, അല്ലാതെ തെറ്റ് സമ്മതിച്ചതല്ലെന്നും റിയാസ് വ്യക്തമാക്കി.

TAGS :

Next Story