'ആസ്ട്രൽ പ്രൊജക്ഷനെക്കുറിച്ച് ഒന്നുമറിയില്ല, മാനസിക രോഗം അഭിനയമാണെന്ന് കണ്ടെത്തി'; കേഡൽ ജെൻസൺ രാജ കുടുങ്ങിയതിങ്ങനെ
നാല് പേരുടെയും മരണ കാരണം തലയ്ക്കു പിന്നിലേറ്റ ഒരേ ആയുധം കൊണ്ടുള്ള മുറിവാണെന്ന കണ്ടെത്തലും നിര്‍ണായകമായി

തിരുവനന്തപുരം: നന്തൻകോട്ടില്‍ സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയയുമുൾപ്പെടെ നാലുപേരെ നിഷ്‌കരുണം കൊന്ന് തള്ളിയ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. കൂട്ടക്കൊലപാതകത്തിൽ ഏകപ്രതിയായ കേഡൽ ജെൻസൺ രാജ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും അംഗീകരിച്ചു കൊണ്ടാണ് തിരുവനന്തപുരം വഞ്ചിയൂർ അഡിഷണൽ സെഷൻസ് ആറാം കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചത്. കേഡലിന്‍റെ ശിക്ഷാവിധി നാളെയുണ്ടാകും.
2017 ഏപ്രിൽ അഞ്ച്,ആറ് തീയതികളിലാണ് പ്രതി കൊലപാതകങ്ങൾ നടത്തിയത്.അഞ്ചാം തീയതി അമ്മ ഡോ.ജീൻ പത്മയെയാണ് കേഡൽ ആദ്യം കൊലപ്പെടുത്തിയത്.കമ്പ്യൂട്ടർ ഗെയിം കാണിക്കാം എന്ന് പറഞ്ഞ് വീടിന്റെ മുകളിലെ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയാണ് അമ്മയെ കൊലപ്പെടുത്തിയത്.
അന്ന് വൈകിട്ട് തന്നെ പിതാവ് റിട്ട. പ്രൊഫസർ രാജതങ്കം, സഹോദരി കാരോലിൻ എന്നിവരെ സമാനമായി കൊലപ്പെടുത്തി.ആറാം തീയതി ബന്ധുവായ ലളിത ജീനിനെയും കൊലപ്പെടുത്തി. ലളിതക്ക് കണ്ണുകാണാന്‍ സാധിക്കില്ലായിരുന്നു.
മൃതദേഹങ്ങൾ വീടിന്റെ രണ്ടാം നിലയിലുള്ള ബെഡ് റൂമിൽ സൂക്ഷിച്ചെന്നും പൊലീസ് പറയുന്നു. ഏഴാം തീയതി രാത്രി മൃതദേഹങ്ങൾ കത്തിക്കാനും കേഡൽ ശ്രമിച്ചു. എന്നാൽ കേഡലിന്റെ കൈക്കു പൊള്ളലേറ്റതോടെ ആ ശ്രമം ഉപേക്ഷിച്ചു.പിറ്റേന്ന് വീണ്ടും മൃതദേഹങ്ങൾ കത്തിക്കാൻ ശ്രമം നടത്തി. ജീൻ പത്മ,കരോലിൻ എന്നിവരുടെ ശരീരം പൂർണമായും കത്തി. വീട്ടിലേക്ക് തീ പടർന്നതോടെയാണ് ഞെട്ടിക്കുന്ന കൂട്ടക്കൊല പുറംലോകം അറിയുന്നത്.ഇതോടെ മൃതദേഹങ്ങൾ ശുചിമുറിയിൽ ഉപേക്ഷിച്ചാണ് പ്രതി ചെന്നൈയിലേക്ക് മുങ്ങി. ദിവസങ്ങൾക്ക് ശേഷം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കേഡൽ പിടിയിലാകുന്നത്.
ആസ്ട്രൽ പ്രൊജക്ഷൻ അഥവാ ആത്മാവിനെ മോചിപ്പിക്കാനായിരുന്നു കൊലപാതകമെന്നാണ് കേഡൽ ആദ്യം പൊലീസുകാരോടെ പറഞ്ഞത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ആസ്ട്രൽ പ്രൊജക്ഷനെക്കുറിച്ച് കേഡലിന് ഒന്നും അറിയില്ലെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. മാനസിക രോഗം അഭിനയമാണെന്നും ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.ആദ്യം ദുര്‍മന്ത്രവാദമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത് കേസിനെ വഴി തെറ്റിക്കനായിരുന്നു. പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് ബാല്യകാലത്ത് രക്ഷിതാക്കളില്‍ നിന്നുണ്ടായ അവഗണനയാണ് കൊലപതാകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി നാലുപേരെയും കൊന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.
വിശദമായ അന്വേഷണത്തിന് പിന്നാലെ 2024 നവംബർ 13 ന് വിചാരണ ആരംഭിച്ചു . വിചാരണയില്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് കേഡല്‍ കോടതിയോട് പറഞ്ഞത്. 65 ദിവസം മാത്രം നീണ്ട വിചാരണയിൽ42 സാക്ഷികളെ വിസ്തരിച്ചു . 120 ഓളം രേഖകളും 40 ഓളം തൊണ്ടി മുതലുകളും ഹാജരാക്കി.എന്നാൽ കേസന്വേഷണത്തിൽ നിർണായകമായത് നാല് പേരുടെയും മരണ കാരണം തലയ്ക്കു പിന്നിലേറ്റ ഒരേ ആയുധം കൊണ്ടുള്ള മുറിവാണെന്ന കണ്ടെത്തലായിരുന്നു. Stanleys Carpenters axe എന്ന ആയുധം പൊലീസ് കണ്ടെടുക്കുകയും ചെയ്തു. മഴു ഓർഡർ ചെയ്തത് കേഡലിന്റെ ഫ്‌ളിപ്കാർട്ട് അക്കൗണ്ട് വഴിയെന്ന തെളിവും പൊലീസിന് ലഭിച്ചു.
മനുഷ്യരെ പിന്നിൽ നിന്നും മഴു കൊണ്ടു വെട്ടുന്ന വീഡിയോ പ്രതി സ്ഥിരമായി കണ്ടിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി.പ്രതിയുടെ വസ്ത്രങ്ങളിൽ നിന്നും കൊല്ലപ്പെട്ടവരുടെ രക്തം കണ്ടെത്തിയതും കേസന്വേഷണത്തിൽ നിർണായകമായി. കൊലപാതകങ്ങൾ നടന്ന ദിവസം പ്രതി വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്ന് സാക്ഷി മൊഴിയുമുണ്ടായിരുന്നു.
കൊല്ലപ്പെട്ടവർ ടൂർ പോയിരിക്കുകയാണെന്നു പ്രതി പറഞ്ഞിരുന്നത്. തെളിവുകൾ നശിപ്പിക്കാനായി പെട്രോൾ ഉൾപ്പടെ വാങ്ങിയതിന് തെളിവും ലഭിച്ചു.പ്രതിക്ക് പൊള്ളലേറ്റിരുന്നുവെന്ന ഫോറൻസിക് റിപ്പോർട്ടും കേസന്വേഷണത്തിൽ നിർണായകമായി.
Adjust Story Font
16

