ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം: കേന്ദ്ര ഉത്തരവിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി സുപ്രിംകോടതിയിൽ
40 , 75 മീറ്റർ നിയന്ത്രണം കേരളത്തിൽ കടുത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സമിതി കോടതിയെ അറിയിച്ചു

ഡൽഹി: ദേശീയപാതയോരത്തെ നിർമാണനിയന്ത്രണ ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ദേശീയപാത മധ്യത്തിൽ നിന്നുള്ള 40 മീറ്റർ, 75 മീറ്റർ നിയന്ത്രണം കേരളത്തിൽ കടുത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സമിതി കോടതിയെ അറിയിച്ചു. നിയന്ത്രണം പൂർണമായി നടപ്പാക്കിയാൽ സംസ്ഥാനത്തെ ലക്ഷക്കണക്കിന് വ്യാപാരികളുടെയും ജീവനക്കാരുടെയും ഉപജീവനമാർഗം ഇല്ലാതാകും. ഉയർന്ന ജനസാന്ദ്രതയും ഭൂലഭ്യതക്കുറവുമുള്ള കേരളത്തിന്റെ പ്രത്യേക ഭൂമിശാസ്ത്ര സാഹചര്യം പരിഗണിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ഫലോദി വാഹനാപകടവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി സ്വമേധയാ എടുത്ത കേസിൽ കക്ഷിചേരാനാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹരജി സമർപ്പിച്ചിരിക്കുന്നത്. ദേശീയപാതയുടെ മധ്യത്തില്‍ നിന്നും 40 മീറ്ററിനുള്ളില്‍ വീടിനും 75 മീറ്ററിനുള്ളില്‍ കച്ചവടസ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കരുതെന്നാണ് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്.
ഉത്തരവ് നടപ്പായാൽ 9 ജില്ലകളിലായി ഏകദേശം 2,500 ഹെക്ടർ സ്ഥലത്തെ വാണിജ്യ-വികസന പ്രവർത്തനങ്ങൾ പൂർണമായി നിലയ്ക്കുമെന്ന് ഹരജിയിൽ സമിതി ചൂണ്ടിക്കാട്ടി. കേരളത്തിലെ 45 മീറ്റർ വീതിയുള്ള ദേശീയപാതകൾക്ക് അനുയോജ്യമായ പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ നിശ്ചയിക്കണം. ഹൈവേ സുരക്ഷാ മേഖലകളിലെ കടകളുടെ ലൈസൻസ്, എൻഒസി പുതുക്കൽ നടപടികൾ എന്നിവ ഉത്തരവ് മൂലം ആശങ്കയിലായെന്നും സമിതി അറിയിച്ചു. വ്യാപാരികളുടെ ഭാഗം സുപ്രിംകോടതിയെയും അമിക്കസ് ക്യൂറിയെയും ബോധ്യപ്പെടുത്താൻ അനുവാദം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയാണ് ഹരജി നൽകിയത്.
Adjust Story Font
16

