Quantcast

'എം.എസ്‌.എഫിന്‍റെ ചരിത്രത്തിലെ വഞ്ചകനായ പ്രസിഡന്‍റാണ് നവാസ്'; ആരോപണങ്ങളുമായി ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

സെനറ്റ് ഇലക്ഷനിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സ്ഥാനാർത്ഥിയെ പി.കെ നവാസ് ധാരണ ലംഘിച്ച് പരാജയപ്പെടുത്തിയതായി ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന സെക്രട്ടറി സബീൽ ചെമ്പ്രശ്ശേരി

MediaOne Logo

Web Desk

  • Updated:

    2023-06-16 11:59:44.0

Published:

16 Jun 2023 11:45 AM GMT

MSF, Fraternity Movement, Calicut University, PK Navas, പികെ നവാസ്, എംഎസ്എഫ്, ഫ്രറ്റേണിറ്റി മൂവ്മെന്‍റ്
X

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല യൂണിയൻ തെരഞ്ഞെടുപ്പില്‍ എം.എസ്‌.എഫ് തെരഞ്ഞെടുപ്പ് ധാരണ തെറ്റിച്ചതായി ഫ്രറ്റേണിറ്റി. മൂന്ന് എം.എസ്‌.എഫ് സ്ഥാനാർഥികൾക്കായി ഫ്രറ്റേണിറ്റിയുടെ 54 വോട്ട് നൽകിയതിന് പകരമായി സെനറ്റ് ഇലക്ഷനിൽ 25 എം.എസ്.എഫ് വോട്ടുകൾ നൽകാമെന്നായിരുന്ന ഫ്രറ്റേണിറ്റി-എം.എസ്.എഫ് ധാരണയെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി സബീൽ ചെമ്പ്രശ്ശേരി പറഞ്ഞു. എന്നാൽ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പില്‍ ഫ്രറ്റേണിറ്റി ധാരണയനുസരിച്ച് വോട്ട് ചെയ്ത തങ്ങളുടെ യു.യു.സിമാരെ പി.കെ നവാസ് വഞ്ചിച്ചെന്നും സെനറ്റ് ഇലക്ഷനിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സ്ഥാനാർത്ഥിയെ പി.കെ നവാസ് ധാരണ ലംഘിച്ച് പരാജയപ്പെടുത്തിയെന്നും സബീൽ ആരോപിച്ചു.

'ഇതേ ഇലക്ഷനിൽ കെ.എസ്‌.യുവുമായി ഉണ്ടാക്കിയ ധാരണ രേഖമൂലം എഴുതിയപ്പോൾ എം.എസ്‌.എഫുമായി അങ്ങനെയൊന്ന് ഉണ്ടാക്കാത്തത് എം.എസ്‌.എഫിന്റെ മുൻ കാല പ്രസിഡന്റുമാർ പുലർത്തിയ വിശ്വാസ്യതയെ മുൻ നിർത്തിയായിരുന്നു. ചരിത്രത്തിൽ ആദ്യമായല്ല എം.എസ്‌.എഫിനോട് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുന്നത്. രണ്ട് ദിവസം മുമ്പ് വരെ ആ ധാരണ പാലിച്ച ചരിത്രമേ രണ്ട് കൂട്ടർക്കും ഉണ്ടായിരുന്നുള്ളു. ആ വിശ്വാസത്തിന്‍റെ പുറത്തുണ്ടാക്കിയ ധാരണയിൽ ചതി കാണിച്ചപ്പോൾ എം.എസ്‌.എഫ് എന്ന പ്രസ്ഥാനത്തിന്‍റെ വിശ്വാസ്യതയാണ് പി.കെ നവാസ് നഷ്ടപ്പെടുത്തിയത്', സബീൽ പറഞ്ഞു.

'സ്വന്തം രാഷ്ട്രീയ ഭാവി നിലനിർത്താൻ പ്രസ്ഥാനത്തിന്‍റെ വിശ്വാസ്യത പോലും പകരം കൊടുത്ത വഞ്ചകനാണ് പി.കെ നവാസ്. തെരഞ്ഞെടുപ്പുകള്‍ ഇവിടെ അവസാനിക്കുന്നില്ല നവാസ്. അത് കോളേജ് തെരഞ്ഞെടുപ്പായും യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പുകളായും നിയമ സഭാ തെരഞ്ഞെടുപ്പുകളായുമെല്ലാം ഇനിയുമുണ്ടാവും. ചതിയുടെയും വഞ്ചനയുടെയും പുറത്ത് കെട്ടിപ്പൊക്കിയ നിങ്ങളെന്ന ബിംബം തകർന്ന് വീഴുക തന്നെ ചെയ്യും. ചീട്ട് കൊട്ടാരങ്ങൾക്ക് ആയുസ്സ് കുറവാണ്. എം.എസ്‌.എഫിന്‍റെ ചരിത്രത്തിൽ കാലം നിങ്ങളെ അടയാളപ്പെടുത്തുക വഞ്ചകനായ പ്രസിഡന്‍റായിട്ടായിരിക്കും', സബീല്‍ ഫേസ്ബുക്കിൽ കുറിച്ചു.

TAGS :

Next Story