Quantcast

ജലോത്സവത്തിനൊരുങ്ങി പുന്നമടക്കായൽ; നെഹ്രു ട്രോഫി വള്ളംകളി ഇന്ന്

5 ഹിറ്റ്സുകളിലായി 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 9 വിഭാഗങ്ങളിലായി 72 വള്ളങ്ങളാണ് മത്സരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-08-12 01:03:52.0

Published:

12 Aug 2023 1:02 AM GMT

Nehru Trophy Boat Race
X

നെഹ്രു ട്രോഫി വള്ളംകളി

ആലപ്പുഴ: 69-ാമത് നെഹ്രു ട്രോഫി വള്ളം കളിക്കൊരുങ്ങി പുന്നമടക്കായൽ. 5 ഹിറ്റ്സുകളിലായി 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 9 വിഭാഗങ്ങളിലായി 72 വള്ളങ്ങളാണ് മത്സരിക്കുന്നത്. ചെറുവള്ളങ്ങളുടെ മത്സരം രാവിലെ 11 മണിക്ക് ആരംഭിക്കും. മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ 6 മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരും ജില്ലയിലെ ജനപ്രതിനിധികളും പങ്കെടുക്കും.

വള്ളംകളിയുടെ ഭാഗമായി ആലപ്പുഴ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ജില്ലാ കോടതി വടക്കേ ജംഗ്ഷൻ മുതൽ കിഴക്കോട്ട് തത്തംപള്ളി കായൽ കുരിശടി ജംഗ്ഷൻ വരെ വാഹനഗതാഗതം അനുവദിക്കില്ല. വൈഎംസിഎ തെക്കേ ജംഗ്ഷൻ മുതൽ കിഴക്ക് അഗ്നിരക്ഷാസേന ഓഫീസ് വരെയുള്ള ഭാഗം കെഎസ്ആർടിസി ബസ് ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതവും അനുവദിക്കില്ല.

നെഹ്രു ട്രോഫി വള്ളംകളി കാണാൻ ആലപ്പുഴ– തണ്ണീർമുക്കം റോഡിലൂടെ വടക്കു ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ എസ്ഡിവി സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. എറണാകുളം ഭാഗത്തു നിന്നു ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ കൊമ്മാടി, ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷൻ വഴി എസ്ഡിവി സ്കൂൾ ഗ്രൗണ്ടിലെത്തി പാർക്ക് ചെയ്യണം. ചങ്ങനാശേരി ഭാഗത്തു നിന്നു കൈതവന വഴി വരുന്ന വാഹനങ്ങൾ കാർമൽ സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

രാവിലെ 6 മുതൽ നഗരത്തിൽ ജനറൽ ആശുപത്രി ജംഗ്ഷനു വടക്കുവശം മുതൽ കൈചൂണ്ടി ജംഗ്ഷൻ, കൊമ്മാടി ജംഗ്ഷൻ വരെയുള്ള റോഡരികുകളിൽ പാർക്കിങ് അനുവദിക്കില്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ചു നീക്കുകയും പിഴ ഈടാക്കുകയും ചെയ്യും.ഇന്നലെ മുതൽ വാഹനഗതാഗതവും പാർക്കിങ്ങും നിയന്ത്രിക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

ബോട്ട് സർവീസുമായി ബന്ധപ്പെട്ട നിർദേശങ്ങൾ

രാവിലെ 10നു ശേഷം ഡിടിപിസി ജെട്ടി മുതൽ പുന്നമടക്കായലിലേക്കും തിരിച്ചും ഒരു ബോട്ടും സർവീസ് നടത്താൻ അനുവദിക്കില്ല. രാവിലെ 8നു ശേഷം സംഘാടകരുടേതല്ലാത്ത ബോട്ടുകളും സ്പീഡ് ബോട്ടുകളും വള്ളങ്ങളും മത്സരട്രാക്കിൽ പ്രവേശിച്ചാൽ ആ വള്ളങ്ങളെ പിടിച്ചുകെട്ടും. ഇവയുടെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും കുറഞ്ഞതു മൂന്നു വർഷത്തേക്കു സസ്പെൻഡ് ചെയ്യുന്നതിനു ശിപാർശ ചെയ്യും. കനാലിലോ വള്ളംകളി മത്സരട്രാക്കിലോ നീന്തുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. അനൗൺസ്മെന്‍റ് ബോട്ടുകൾ രാവിലെ 8നു ശേഷം ട്രാക്കിലും പരിസരത്തും സഞ്ചരിക്കുകയോ ഉച്ചഭാഷിണി പ്രവർത്തിക്കുകയോ ചെയ്താൽ അത്തരം ബോട്ടുകൾ മൈക്ക് സെറ്റ് സഹിതം പിടിച്ചെടുത്ത് നിയമനടപടി സ്വീകരിക്കും.

നെഹ്രു പവിലിയനിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കു രാവിലെ ഡിടിപിസി ജെട്ടിയിൽ നിന്നു ബോട്ടുകളുണ്ടാകും. വള്ളംകളി കഴിഞ്ഞു തിരികെയും ജലഗതാഗത വകുപ്പിന്റെ ബോട്ടുകളുണ്ടാകും.

TAGS :

Next Story