നെന്മാറ സജിത വധക്കേസ്; ചെന്താമര കുറ്റക്കാരൻ
ഒക്ടോബർ 16ന് കേസിൽ വിധി പറയും

പാലക്കാട്: നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഒക്ടോബർ 16 ബുധനാഴ്ച കേസിൽ വിധി പറയും.
കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തി. ആറുവർഷങ്ങൾക്ക് ശേഷമാണ് സജിത വധക്കേസിൽ വിചാരണ നടപടികൾ പൂർത്തിയാക്കി വിധി പറയുന്നത്. എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് ഒന്നുമില്ലെന്നാണ് ചെന്താമര നൽകിയ മറുപടി.
2019ലാണ് കേസിനാസ്പദമായ സംഭവം. തന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം അയൽവാസികളായ സജിതയും പുഷ്പയുമാണെന്ന ചെന്താമരയുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് 2019 ആഗസ്റ്റ് 31ന് സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. സജിതയും പുഷ്പയും ചേർന്ന കൂടോത്രം നടത്തിയതാണ് ഭാര്യ അകലാൻ കാരണമെന്ന് ചെന്താമര കരുതിയിരുന്നു. ഈ കേസിൽ പരോളിൽ ഇറങ്ങിയപ്പോൾ സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവിനെയും ചെന്താമര കൊലപ്പെടുത്തിയിരുന്നു.
ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിൽ സജിത വധക്കേസിലെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. മെയ് 27ന് കുറ്റപത്രം വായിച്ചുകേൾപ്പിച്ചെങ്കിലും ചെന്താമര കുറ്റം നിഷേധിച്ചു. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അൻപത് സാക്ഷികളുടെ മൊഴിയുമാണ് കേസിൽ നിർണായകമായത്. വിധി വരുന്നതോടൊപ്പം നെന്മാറ ഇരട്ട കൊലപാതകക്കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കാനും ആലോചനയുണ്ട്.
കൊലക്ക് ഉപയോഗിച്ച ആയുധം വീട്ടിലുണ്ടായിരുന്നതാണെന്നും ചെന്താമര മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായും ഭാര്യ മൊഴി നൽകിയിരുന്നു. പ്രതിയുടെ വസ്ത്രവും തിരിച്ചറിഞ്ഞു. ചെന്താമരയുടെ സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ എന്നിവരുൾപ്പടെ 52 പേലെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. കഴിഞ്ഞ മസം നാലിന് വിചാരണ നടപടികൾ പൂർത്തിയായിരുന്നു. ചെന്താമര ഏക പ്രതിയായ കേസിൽ പൊലീസുകാർ ഉൾപ്പടെ 133 സാക്ഷികളാണുള്ളത്.
Adjust Story Font
16

