Quantcast

സ്വത്ത് തർക്കത്തിന്‍റെ പേരിൽ സഹോദര പുത്രൻ വീട് പൊളിച്ച ലീലയുടെ താൽക്കാലിക ഷെഡും തകർത്തു

ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് ലീല പൊലീസിൽ പരാതി നൽകി

MediaOne Logo

Web Desk

  • Published:

    14 March 2024 6:41 AM IST

Leela
X

ലീല

കൊച്ചി: സ്വത്ത് തർക്കത്തിന്‍റെ പേരിൽ സഹോദര പുത്രൻ വീട് പൊളിച്ച് പെരുവഴിയിലായ പറവൂർ സ്വദേശി ലീലയുടെ താൽക്കാലിക ഷെഡും തകർത്തു. നാട്ടുകാർ നിർമിച്ച് നൽകിയ താൽക്കാലിക ഷെഡാണ് സഹോദര പുത്രൻ രമേഷ് തകർത്തത്. ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് ലീല പൊലീസിൽ പരാതി നൽകി. മീഡിയവണ്‍ വാർത്തയെ തുടർന്ന് സന്നദ്ധ സംഘടന ലീലക്ക് വീട് വെച്ച് നൽകുന്നുണ്ട്. ഇതിനിടയിലാണ് സഹോദര പുത്രൻ താൽക്കാലിക ഷെഡും പൊളിച്ചത്.

കഴിഞ്ഞ ഒക്ടോബറിലാണ് പറവൂർ സ്വദേശി ലീലയുടെ വീട് സ്വത്ത് തർക്കത്തിന്‍റെ പേരിൽ സഹോദര പുത്രൻ രമേഷ് ജെസിബി ഉപയോഗിച്ച് പൊളിച്ച് കളഞ്ഞത്. ലീലയുടെ ദുരിതം മീഡിയവണ്‍ പുറത്തുവിട്ടതിന് പിന്നാലെ പ്രതിപക്ഷ നേതാവിന്‍റെ ഇടപെടലിനെ തുടർന്ന് സന്നദ്ധ സംഘടന പുതിയ വീട് വെച്ച് നൽകാൻ തയ്യാറായിരുന്നു. പുതിയ വീടിന്‍റെ പണി പൂർത്തിയാകുന്നത് വരെ ലീലക്ക് താമസിക്കാൻ നാട്ടുകാർ തയ്യാറാക്കി നൽകിയ താൽക്കാലിക ഷെഡാണ് സഹോദര പുത്രൻ രമേഷ് പൊളിച്ചത്. പൊളിച്ചു കളഞ്ഞ വീടിനു സമീപം നിർമിച്ച ഷീറ്റ് മേഞ്ഞ താൽക്കാലിക ഷെഡിലായിരുന്നു 5 മാസമായി ലീലയുടെ താമസം. ഇതിനിടയിലാണ് വീണ്ടും സഹോദരപുത്രന്‍റെ ക്രൂരത.

സംഭവത്തിൽ രാത്രിയോടെ പറവൂർ പൊലീസിൽ ലീല പരാതി നൽകി. പൊലീസ് രാവിലെ സ്ഥലത്ത് പരിശോധന നടത്തും. താൽക്കാലിക ഷെഡും പൊളിച്ചതോടെ ലീല ബന്ധുവീട്ടിൽ അഭയം തേടിയിരിക്കുകയാണ്.

TAGS :

Next Story