Quantcast

അഭിനയ കുലപതി ഇനി ഓർമ മാത്രം; ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടി വേണു

MediaOne Logo

Web Desk

  • Updated:

    2021-10-12 10:36:34.0

Published:

12 Oct 2021 10:22 AM GMT

അഭിനയ കുലപതി ഇനി ഓർമ മാത്രം; ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു
X

ഇന്നലെ അന്തരിച്ച നടന‍ നെടുമുടി വേണുവിന്റെ മൃതദേഹം സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെ ഉച്ചക്ക് 2 മണിക്ക് ശാന്തികാവടത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. തിരുവന്തപുരം അയ്യങ്കാളി ഓഡിറ്റോറിയത്തിൽ നടന്ന പൊതുദർശനത്തിൽ നിരവധി പേരാണ് അദ്ദേഹത്തിന് ആദാരാഞ്ജലി അർപ്പിക്കാൻ എത്തിയത്‌

ഇന്നലെ രാത്രിയിലും തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ 'തമ്പിൽ' നിരവധിപേരാണ് പ്രിയനടനെ അവസാനമായി ഒരു നോക്കുകാണാനെത്തിയത്. മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള പ്രമുഖർ രാത്രി വൈകിയും തമ്പിലെത്തി പ്രിയനടന് ആദരാഞ്ജലിയർപ്പിച്ചു.

നെടുമുടി വേണുവിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. നെടുമുടി വേണുവിന്റെ വിയോഗം സിനിമയുടെയും സംസ്‌കാരത്തിന്റെയും ലോകത്തിന് കനത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനമറിയിക്കുന്നെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

നെടുമുടിയുടെ മരണം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്ന് മമ്മൂട്ടി പ്രതികരിച്ചു. ജ്യേഷ്ട സഹോദരനെക്കാൾ ഉയർന്ന പദവിയാണ് നെടുമുടി വേണുവിന് തന്റെ ജീവിതത്തിൽ ഉണ്ടായിരുന്നതെന്ന് മോഹൻലാൽ പറഞ്ഞു.

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടി വേണു. ഏതു വേഷവും അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള നടന്‍. നായകനായും സഹനടനായും വില്ലനായും നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ നിരവധിയാണ്. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്‌കൂൾ അദ്ധ്യാപകനായിരുന്ന പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിച്ചത്. നെടുമുടിക്കാരനായ വേണു മാധ്യമപ്രവര്‍ത്തകനായാണ് ജീവിതം ആരംഭിച്ചത്. നാടക രംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്. അരങ്ങിന്റെ ലോകത്തേക്ക് അദ്ദേഹത്തെ കൈപിടിച്ചുയർത്തിയത് നാടക കുലപതി കാവാലം നാരായണപ്പണിക്കരാണ്.

1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്‍റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രം കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു വഴിവച്ചു. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി നെടുമുടി വേണു മാറുകയായിരുന്നു. അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തായി. മലയാളത്തിലും തമിഴിലുമായി 500ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.

TAGS :

Next Story