വടകര ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണം: വെൽഫെയർ പാർട്ടി
സർക്കാർ ഫണ്ടുകൾ കൃത്യമായി ലഭിക്കുന്നതിനും ഭരണസൗകര്യം വർധിപ്പിക്കുന്നതിനും പുതിയ ജില്ല അനിവാര്യമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി പറഞ്ഞു

കോഴിക്കോട്: വടകര കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി വെൽഫെയർ പാർട്ടി. കുറ്റ്യാടി, വടകര, പേരാമ്പ്ര, നാദാപുരം, കൊയിലാണ്ടി മേഖലകളെ ഉൾപ്പെടുത്തി പുതിയ ജില്ല രൂപീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി ആവശ്യപ്പെട്ടു.
നിലവിൽ കോഴിക്കോട് ജില്ലയിലെ ജനസംഖ്യ 40 ലക്ഷത്തോളമാണെന്നും കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള താലൂക്ക് കോഴിക്കോടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഒരു ജില്ലയിലെ ശരാശരി ജനസംഖ്യ 15 മുതൽ 18 ലക്ഷം വരെയായിരിക്കുമ്പോൾ കേരളത്തിൽ ഇത് 23.86 ലക്ഷമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫണ്ടുകൾ കൃത്യമായി ലഭിക്കുന്നതിനും ഭരണസൗകര്യം വർധിപ്പിക്കുന്നതിനും പ്രാദേശിക വികസനം നടപ്പാക്കുന്നതിനും പുതിയ ജില്ലാ രൂപീകരണം അനിവാര്യമാണെന്ന് അസ്ലം ചെറുവാടി വ്യക്തമാക്കി.
കോഴിക്കോടിന്റെ വടക്കൻ മേഖലകളിലും മലയോര പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് സിവിൽ സ്റ്റേഷൻ, ആശുപത്രികൾ, ഗതാഗത സൗകര്യങ്ങൾ തുടങ്ങിയ സർക്കാർ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ നിലവിൽ വലിയ പരിമിതികളുണ്ട്. വിഭവങ്ങൾ തുല്യമായി വീതിക്കപ്പെടുന്നതിന് നിലവിലെ സാഹചര്യം തടസമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

