Quantcast

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലബാറിൽ പുതിയ സ്ഥിരം ബാച്ചുകൾ ഉടൻ പ്രഖ്യാപിക്കണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

വിദ്യാർത്ഥികളും രക്ഷിതാക്കളുമടങ്ങിയ സമരക്കാർ മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദർശിച്ച് പരാതി നൽകി

MediaOne Logo

Web Desk

  • Published:

    14 July 2023 2:11 AM GMT

New permanent batches should be announced soon in Malabar to solve plus one seat crisis: Fraternity Movement
X

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ പുതിയ സ്ഥിരം ബാച്ചുകൾ അനുവദിക്കുക മാത്രമാണ് പരിഹാരമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിൽ സംഘടിപ്പിച്ച സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സമരസംഗമം. സപ്ലിമെന്ററി ഒന്നാം ഘട്ട റിസൽട്ട് പുറത്തുവരുമ്പോൾ മലബാറിൽ മുപ്പതിനായിരത്തിലധികം വിദ്യാർത്ഥികൾ സീറ്റ് ലഭിക്കാതെ പുറത്താണ്. മലപ്പുറത്തു മാത്രം പതിമൂന്നായിരത്തിലധികം വിദ്യാർത്ഥികൾ പുറത്തു നിൽക്കുന്നു. മലബാറിൽ പതിനായിരങ്ങൾക്ക് സീറ്റ് ലഭിക്കാത്തതിന്റെ പൂർണ്ണ ഉത്തരവാദിത്തം സർക്കാറിന് മാത്രമാണെന്നും സംഗമം അഭിപ്രായപ്പെട്ടു.

സെക്രട്ടേറിയറ്റിന് മുന്നിൽ രാവിലെ പത്ത് മുതൽ ഉച്ചവരെ ഉപവസിച്ച വിദ്യാർത്ഥികളും രക്ഷിതാക്കളുമടങ്ങിയ സമരക്കാർ മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദർശിച്ച് പരാതിയും നൽകി.

മലബാർ വിദ്യാഭ്യാസ വിഷയം പഠിക്കാൻ സർക്കാർ നിയോഗിച്ച കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടാതെയും പുതിയ ബാച്ചുകൾ പ്രഖ്യാപിക്കാതെയും സർക്കാർ വിദ്യാർത്ഥികളെ കബളിപ്പിക്കുകയാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ ആരോപിച്ചു. സർക്കാറിന്റെ നിഷേധാത്മക നിലപാടു മൂലം മുപ്പതിനായിരത്തിലധികം വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും എന്തു ചെയ്യണമെന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ്. 15 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ അന്തിമമായ പരിഹാരമെന്ന നിലക്ക് സപ്ലിമെന്ററി അപേക്ഷിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും സീറ്റ് ലഭിക്കുന്ന വിധത്തിൽ പുതിയ സ്ഥിരം ബാച്ചുകൾ സർക്കാർ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമര സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി സനൽകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തഷ്രീഫ് കെ.പി, നൗഫ ഹാബി, അഡ്വ. അലി സവാദ്, പ്ലസ്‌വൺ സീറ്റ് ലഭിച്ചിട്ടില്ലാത്ത വിദ്യാർത്ഥികളായ മുഹ്‌സിൻ, ഷാമിൽ, സിനാൻ എന്നിവർ സംസാരിച്ചു.

New permanent batches should be announced soon in Malabar to solve plus one seat crisis: Fraternity Movement

TAGS :

Next Story