Quantcast

കൊച്ചിയിലെ പുതുവത്സര ആഘോഷത്തിൽ പൊലീസ് തയ്യാറാക്കുന്നത് വിശദമായ റിപ്പോര്‍ട്ട്

അടുത്ത പുതുവത്സ ആഘോഷത്തിന് മുന്‍പായി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ റിഹേഴ്സല്‍ നടത്തുന്നതും പൊലീസിന്‍റെ പരിഗണനയിലുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-01-05 01:53:37.0

Published:

5 Jan 2023 1:51 AM GMT

കൊച്ചിയിലെ പുതുവത്സര ആഘോഷത്തിൽ  പൊലീസ് തയ്യാറാക്കുന്നത് വിശദമായ റിപ്പോര്‍ട്ട്
X

കൊച്ചി: കൊച്ചിയിലെ പുതുവത്സര ആഘോഷത്തിൽ പൊലീസ് തയ്യാറാക്കുന്നത് വിശദമായ റിപ്പോര്‍ട്ട്. ഇത്തവണത്തെ സുരക്ഷാ വീഴ്ച ആവർത്തിക്കാതിരിക്കാനുളള പുതിയ ക്രമീകരണങ്ങൾ ഡി.സി.പി തയ്യാറാക്കുന്ന റിപ്പോര്‍ട്ടിലുണ്ടാകും. അടുത്ത പുതുവത്സ ആഘോഷത്തിന് മുന്‍പായി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ റിഹേഴ്സല്‍ നടത്തുന്നതും പൊലീസിന്‍റെ പരിഗണനയിലുണ്ട്.

പുതുവത്സരാഘോഷത്തിനിടെ തിരക്ക് മുന്നില്‍ കണ്ട് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ കൊച്ചിന്‍ കാര്‍ണിവല്‍ സംഘാടക സമിതിക്കും പൊലീസിനും വീഴ്ച പറ്റിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്‍റെ സുരക്ഷാ വീഴ്ച സംബന്ധിച്ച പരാതിയില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കെ. സേതുരാമന് ഡി.സി.പി എസ്. ശശിധരനോട് റിപ്പോര്‍ട്ട് തേടിയത്. പൊലീസിന്‍റെ വീഴ്ച പരിശോധിക്കുന്നതിനൊപ്പം ഇത്തവണത്തെ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ അടുത്ത തവണ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ചുളള വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. 20,000 പേരെ മാത്രം ഉള്‍ക്കൊളളാവുന്ന മൈതാനമായതിനാല്‍ പാപ്പാഞ്ഞിയെ കത്തിക്കുന്ന സ്ഥലം മാറ്റണമെന്ന അഭിപ്രായം പൊലീസിനുളളിലുണ്ട്.

ഒപ്പം ആഘോഷത്തിന് ശേഷം ആളുകള്‍ക്ക് ബുദ്ധിമുട്ടില്ലാതെ മടങ്ങുന്നതിനുളള ക്രമീകരണങ്ങളും റിപ്പോര്‍ട്ടില്‍ ഇടം പിടിക്കും. നിരവധി ടൂറിസ്റ്റുകള്‍ വരുന്ന ഇടമായതിനാല്‍ കര്‍ശന ജാഗ്രതയോടെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനുളള നടപടികള്‍ വേണമെന്ന ആവശ്യം ശക്തമാണ്. പുതിയ ക്രമീകരണങ്ങളിലൂടെ മാത്രമേ സുരക്ഷാ വീഴ്ച ഒഴിവാക്കാന്‍ കഴിയുവെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. അതിനാല്‍ ഡി.സി.പിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടവുമായി പൊലീസ് കൂടിയാലോചന നടത്തും. അടുത്ത പുതുവത്സരാഘോഷത്തിന് മുന്‍പ് പുതിയ ക്രമീകരണങ്ങളില്‍ റിഹേഴ്സല്‍ നടത്തുന്നതും പൊലീസിന്‍റെ പരിഗണനയിലുണ്ട്.



TAGS :

Next Story