'മത സാമുദായിക നേതാക്കളുടെ തിണ്ണനിരങ്ങിയും സമ്പത്തിൻ്റെ ബലത്തിലും ചിലർ കൈപ്പത്തി ചിഹ്നം കൈക്കലാക്കി': അതൃപ്‌തി പരസ്യമാക്കി കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി
യുവനേതാക്കളായ മുഹമ്മദ് ദിഷാലിനും ജിതിൻ പല്ലാട്ടിനും സീറ്റ് നിഷേധിച്ചത് ചുണ്ടിക്കാട്ടിയാണ് വിമർശനം

കോഴിക്കോട്: കോഴിക്കോട് കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിലെ അതൃപ്‌തി പരസ്യമാക്കി ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്.
മത സാമുദായിക നേതാക്കളുടെ തിണ്ണനിരങ്ങിയും സമ്പത്തിൻ്റെ ബലത്തിലും ചിലർ കൈപ്പത്തി ചിഹ്നം കൈക്കലാക്കിയെന്ന് ആരോപണം. യുവനേതാക്കളായ മുഹമ്മദ് ദിഷാലിനും ജിതിൻ പല്ലാട്ടിനും സീറ്റ് നിഷേധിച്ചത് ചുണ്ടിക്കാട്ടിയാണ് വിമർശനം.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അരവിന്ദിൻ്റെ വിമർശനം.
പോസ്റ്റിൻ്റെ പൂർണരൂപം
രാഷ്‌ടീയജീവിതത്തിലെ മറക്കാൻ കഴിയാത്ത ഏടാണ് പൗരത്വസമരം. 57 പ്രവർത്തകർ നേതാക്കളോടൊപ്പം നാല് ദിവസം കോഴിക്കോട് ജയിലിൽ റിമാൻ്റിലായത് അഭിമാനമായി ഇന്നും നെഞ്ചേറ്റാറുണ്ട്. ഒരുമിച്ച് ജയിലിൽ കിടന്ന ഞങ്ങളുടെ നേതാക്കൾ
ടി. സിദ്ധിഖ് , പ്രവീൺകുമാർ , പി. എം നിയാസ്, ദിനേശ് പെരുമണ്ണ എന്നിവർ നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ അഭിമാനം ഇരട്ടിച്ചു. ജവഹറിനെപ്പോലുള്ള ജയിൽമേറ്റ്സ് ആയ സഹപ്രവർത്തകർ പലരും തദ്ദേശതെരത്തെടുപ്പിൽ മത്സരിച്ചപ്പോഴും ജയിച്ചപ്പോഴും നമ്മളിലൊരാൾ എന്ന വികാരം കോരിത്തരിപ്പിച്ചു.
അന്ന് ജയിലിൽ പോയവർ എല്ലാവരും ഇന്നും കോൺഗ്രസ് രാഷ്‌ടീയത്തിൽ സജീവമായി നിറഞ്ഞു നിന്ന് നേതൃതലത്തിൽ ഉയർത്തപ്പെടുമ്പോഴും കോൺഗ്രസ്സ് സ്ഥാനാൽത്ഥികളായി മത്സരരംഗത്ത് വരുമ്പോഴും സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ജനകിയ സമരത്തിൻ്റെ ഭാഗമായവർക്ക് കിട്ടിയ വലിയ അംഗീകാരമായി കണക്കാക്കിയിരുന്നു. ഈ തെരത്തെടുപ്പിലും പലരും മത്സരരംഗത്ത് നിറഞ്ഞു നിന്നപ്പോഴും ഏറെ വേദനിപ്പിച്ചത് അന്ന് ജയിലിൽ ഒരുമിച്ച് കഴിഞ്ഞ ദിഷാലിനും ജിതിനും സ്വതന്ത്രരായി മത്സരിക്കേണ്ട അവസ്ഥ വന്നു എന്നുള്ളതാണ്.
പാർലിമെൻ്റ് തെരത്തെടുപ്പ് കഴിഞ്ഞ ഉടനെ വയനാട്ടിൽ ചിന്തൻശിബിരത്തിലെടുത്ത തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥിനിർണ്ണയം വാർഡുകളിലെ പ്രവർത്തകരുടെ അവകാശമായപ്പോൾ ഉണ്ടായ മാറ്റത്തിൻ്റെ മെറിറ്റ് കേരളമൊന്നാകെ കാണുമ്പോഴും ചിലരൊക്കെ മത സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങിയും സമ്പത്തിൻ്റെ ബലത്തിലും കൈപ്പത്തി സംഘടിപ്പിക്കാൻ ശ്രമിച്ചതിനെ ന്യായീകരിക്കാൻ കഴിയില്ല..
യുവത രാഷ്‌ട്രിയത്തിൽ നിന്ന് അകന്നു പോവുന്ന വർത്തമാനകാലത്ത് മാതൃകാപൊതുപ്രവർത്തനം നടത്തുന്ന യുവനേതൃത്വം അംഗീകരിക്കപ്പെടണം. നെറ്റുകൾ തിരുത്തിയേ മതിയാവൂ. പാർട്ടിയും നവീകരിക്കപ്പെടണം.
Adjust Story Font
16

