നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു
ജൂൺ 19നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായെത്തിയാണ് ആര്യാടൻ ഷൗക്കത്ത് പത്രിക നൽകിയത്.
പി.വി അൻവറിന്റെ സമ്മർദം തള്ളിയാണ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാൻ കെപിസിസി തീരുമാനിച്ചത്. കെപിസിസി നേതൃത്വത്തിന്റെ തീരുമാനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകരിച്ചതിന് പിന്നാലെയാണ് ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും വി.ഡി സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫിലേക്കില്ലെന്നും പി.വി അൻവർ വ്യക്തമാക്കിയിരുന്നു. നേതാക്കന്മാർ ഇനി തനിക്കു വേണ്ടി ചർച്ച നടത്തി വിഷമിക്കേണ്ടെന്നും പി.വി അൻവർ പറഞ്ഞു.
ജൂൺ 19നാണ് നിലമ്പൂരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 23നാണ് വോട്ടെണ്ണൽ പ്രഖ്യാപിച്ചിരിക്കുന്നത്. നോമിനേഷൻ സമർപ്പിക്കേണ്ട അവസാന ദിവസം ജൂൺ രണ്ടാണ്. സൂക്ഷ്മപരിശോധന ജൂൺ മൂന്നിന് നടക്കും. നോമിനേഷൻ പിൻവലിക്കേണ്ട അവസാനദിനം ജൂൺ അഞ്ചാണ്. നിലമ്പൂർ അടക്കം അഞ്ചിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. പി.വി അൻവർ രാജിവെച്ച സാഹചര്യത്തിലാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.
ഇടതുപക്ഷം തോൽവി ഉറപ്പിച്ചെന്ന് അവരുടെ പ്രവർത്തനങ്ങളിൽ വ്യക്തമാണ്. എം.സ്വരാജ് അടുത്ത സുഹൃത്താണെന്നും വ്യക്തിപരമായ പരാമശങ്ങൾക്കില്ലായെന്നും നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. LDF ദുർഭരണം അവസാനിപ്പിക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും ചരിത്രഭൂരിപക്ഷത്തിൽ UDF ജയിക്കുമെന്നും ഷൗക്കത്ത് കൂട്ടിച്ചേർത്തു.
Adjust Story Font
16

