നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജമെന്ന് സണ്ണി ജോസഫ്
യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലമ്പൂരിലെന്നും മുസ്ലിം ലീഗ് പ്രചരണത്തിൽ മുൻപന്തിയിൽ തന്നെയുണ്ടാകുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സ്ഥാനാർഥിയെ എത്രയും പെട്ടന്ന് പ്രഖ്യാപിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ നിരവധി നേതാക്കൾ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. യുഡിഎഫിന് പരിപൂർണ വിജയമെന്ന ആത്മവിശ്വാസം കോൺഗ്രസ് നേതാക്കൾ പ്രകടമാക്കി.
യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലമ്പൂരിലെന്നും മുസ്ലിം ലീഗ് പ്രചരണത്തിൽ മുൻപന്തിയിൽ തന്നെയുണ്ടാകുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് ചെയർമാനുമായി സംസാരിച്ചിട്ടുണ്ടെന്നും പി.വി അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എൽഡിഎഫ് സർക്കാരിനെതിരെയുള്ള വിധിയെഴുത്താകും നിലമ്പൂരിലേത് എന്നാണ് എ.പി അനിൽ കുമാർ പ്രതികരിച്ചത്. നിലമ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം കോൺഗ്രസ് നേടുമെന്നും അനിൽ കുമാർ വ്യക്തമാക്കി.
നിലമ്പൂരിലെ ജനങ്ങളുടെ ജനാധിപത്യ ബോധത്തിൽ വിശ്വാസമുണ്ട്. കേരളത്തെ വീണ്ടെടുക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നു. സുനിശ്ചിതമായ വിജയം യുഡിഎഫിനുണ്ടാകും എന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.
കേരളത്തിലെ ജനങ്ങൾക്ക് സുവർണാവസരം വന്നിരിക്കുന്നുവെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. ഒൻപത് വർഷത്തെ ഭരണത്തിന് ജനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് ഏറ്റു വാങ്ങാൻ സർക്കാർ തയാറെടുത്തോളു. പി ആർ ഏജൻസി നൽകിയ റിപ്പോർട്ടിൽ സർക്കാരിന് ഉയർന്ന മാർക്കായിരുന്നുവെന്നും പക്ഷേ ജനങ്ങൾ നിലമ്പൂരിൽ നൽകുന്ന മറുപടിയിൽ പാസ് മാർക്ക് ലഭിക്കില്ലായെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Adjust Story Font
16

