Quantcast

'തുറന്ന ട്രസ് വർക്ക് ചെയ്ത ഭാഗത്തിന് കെട്ടിട നികുതി വേണ്ട'; ഹൈക്കോടതി

എന്നാൽ ട്രസ് വർക്ക് ചെയ്തതിന് താഴെയുള്ള സ്ഥലം അടച്ചുകെട്ടി താമസത്തിനോ വാണിജ്യ ആവശ്യത്തിനോ ഉപയോഗിച്ചാൽ നികുതി അടക്കേണ്ടി വരും

MediaOne Logo

Web Desk

  • Published:

    22 April 2025 12:09 PM IST

high court of kerala
X

കൊച്ചി: വീടുകളുടെയും സ്ഥാപനങ്ങളുടെയും മുകളിൽ തുറന്ന ട്രസ് വർക്ക് ചെയ്ത ഭാഗത്തിനു കെട്ടിടനികുതി നൽകേണ്ടതുണ്ടോ? ഈ ഭാഗത്തിന് കെട്ടിടനികുതി ബാധകമാകില്ല എന്നാണ് എന്നാണ് കേരള ഹൈക്കോടതി വ്യക്തമാക്കുന്നത്. ടെറസിൽ ട്രസ് വർക്ക് നടത്തിയതിന് അധിക നികുതി ചുമത്തിയതിനെതിരായ ഹരജിയിലാണ് ഉത്തരവ്. എന്നാൽ ട്രസ് വർക്ക് ചെയ്തതിന് താഴെയുള്ള സ്ഥലം അടച്ചുകെട്ടി താമസത്തിനോ വാണിജ്യ ആവശ്യത്തിനോ ഉപയോഗിച്ചാൽ നികുതി അടക്കേണ്ടി വരും.

ചേർത്തല സ്വദേശികളായ സേവ്യർ, ജോസ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ടെറസിൽ ട്രസ് വർക്ക് ചെയ്‌തതിന് ചേർത്തല താലൂക്ക് ഓഫീസിൽ നിന്നും 2,80,800 രൂപയാണ് അധിക നികുതിയായി ചുമത്തിയത്. 2015ൽ പൂർത്തിയായ വാണിജ്യ കെട്ടിടത്തിന് 2016ൽ അനുമതി വാങ്ങിയാണു ഷീറ്റ് കൊണ്ടു ട്രസ് വർക് ചെയ്ത‌ത്. ഭാഗികമായി ചുറ്റും മറച്ചിട്ടുണ്ടെന്നാണ് നികുതി നിർണയ ഉത്തരവിൽ പറയുന്നത്. എന്നാൽ ടെറസിന്‍റെ ഭാഗമായ പാരപ്പറ്റിനെയാണ് ഉദ്ദേശിക്കുന്നതെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.

പാരപ്പറ്റ് അഥവാ ടെറസ് റെയ്‌ലിങ് പണിയുന്നത് സുരക്ഷയെ കരുതിയാണെന്നും ബിൽഡിങ് ചട്ടപ്രകാരം ഇതു നിർബന്ധമാണെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. പ്രതികൂല കാലാവസ്‌ഥയിൽ നിന്നു കെട്ടിടത്തെ സംരക്ഷിക്കാനാണു ടെറസിന് മുകളിൽ ട്രസ് വർക്ക് ചെയ്യുന്നത്. ഈ ഭാഗം തുണി ഉണക്കാൻ ഉപയോഗിച്ചാൽ നികുതി ബാധകമാകില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് അധിക നികുതി ചുമത്തിയ ഉത്തരവിനെതിരായ ഹരജി കോടതി അനുവദിച്ചു. അതേസമയം ട്രസ് വർക്കിന് താഴെയുള്ള ഭാഗം വാണിജ്യ ആവശ്യത്തിനോ താമസത്തിനോ ഉപയോഗിച്ചാൽ നികുതി നൽകേണ്ടി വരുമെന്നും കോടതി ഓർമിപ്പിച്ചു.

TAGS :

Next Story