തൊടുപുഴ നഗരസഭയിൽ എൽഡിഎഫിനെതിരെ അവിശ്വാസം പാസായി; യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ 4 ബിജെപി കൗൺസിലർമാർ അനുകൂലിച്ചു
35 അംഗ കൗൺസിലിൽ 18 പേർ പ്രമേയത്തെ അനുകൂലിച്ചു

ഇടുക്കി: എൽഡിഎഫ് ഭരിക്കുന്ന ഇടുക്കി തൊടുപുഴ നഗരസഭയിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം ബിജെപി പിന്തുണയോടെ പാസായി. നാല് ബിജെപി കൗൺസിലർമാർ അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ബിജെപിയിലെ ഭിന്നതയാണ് യുഡിഎഫിന് തുണയായത്. വിപ്പ് ലംഘിച്ച ബിജെപി കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.ടി.എസ് രാജന്‍, ജിതേഷ്. സി, ജിഷ ബിനു, കവിത വേണു എന്നിവർക്കാണ് സസ്പെൻഷൻ.
രൂക്ഷമായ കോൺഗ്രസ് മുസ്ലീം ലീഗ് പോരിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. നാല് ബിജെപി കൗൺസിലർമാരുടെ പിന്തുണയിൽ അവിശ്വാസം പാസായതോടെ പ്രതീക്ഷയേറി. ചെയർപേഴ്സൺ സബീന ബിഞ്ചുവിനെതിരെയുള്ള പ്രമേയത്തെ 35 അംഗ കൗൺസിലിലെ 18 പേരും പിന്തുണച്ചു. അവിശ്വാസം പാസായത് കാലങ്ങളായുള്ള യുഡിഎഫ് -ബിജെപി കൂട്ടുകെട്ടിൻ്റെ ഫലമെന്ന് എൽഡിഎഫ് ആരോപിച്ചു.
ബിജെപി യുഡിഎഫിനെ പിന്തുണക്കുകയല്ല ചെയർപേഴ്സൻ്റെ ജന വിരുദ്ധ നിലപാടുകളെ എതിർക്കുകയാണ് ചെയ്തതെന്ന് യുഡിഎഫ് ആരോപിച്ചു. പാർട്ടി വിപ്പ് ലഭിച്ചിട്ടില്ലെന്നും രാഷ്ട്രീയമല്ല ജനവികാരത്തിനൊപ്പം നില കൊണ്ടെന്നുമാണ് ബിജെപിയുടെ വാദം. ചെയർമാൻ സ്ഥാനത്തിൽ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്നാണ് യു.ഡി.എഫ് വിശദീകരണം. കോൺഗ്രസിന് പുറമെ മുസ്ലീം ലീഗും അവകാശവാദമുന്നയിച്ചേക്കും. ഒരു വിഭാഗം പാർട്ടി നിലപാട് അവഗണിച്ചതിൽ ബി.ജെ.പിയിലെ ഭിന്നതയും മറ നീക്കി പുറത്തു വന്നു.
Adjust Story Font
16

