കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പ്രതിപക്ഷനേതാവുമായി തർക്കമുണ്ടായെന്ന വാർത്ത മാധ്യമസൃഷ്ടി: എ.പി അനിൽകുമാർ
തന്റെ ഭാഷയും ശൈലിയുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് താൻ പറഞ്ഞുവെന്ന പേരിൽ പ്രചരിപ്പിച്ചതെന്ന് അനിൽകുമാർ പറഞ്ഞു.

മലപ്പുറം: കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി തർക്കമുണ്ടായെന്ന വാർത്ത മാധ്യമസൃഷ്ടിയെന്ന് എ.പി അനിൽകുമാർ എംഎൽഎ. തർക്കമുണ്ടായതായി കോൺഗ്രസ് നേതൃത്വത്തിലെ ആരും പറഞ്ഞിട്ടില്ല. വാർത്തകളെല്ലാം മാധ്യമങ്ങളുടെ ഭാവനാസൃഷ്ടിയാണ്. 'സത്യം വസ്ത്രം ധരിച്ച് പുറത്തിറങ്ങുമ്പോഴേക്കും നുണ നാട് ചുറ്റിക്കറങ്ങി വീട്ടിലെത്തും' എന്ന പഴമൊഴിയെ അന്വർഥമാക്കുന്ന പ്രചാരണമാണ് രാഷ്ട്രീയകാര്യ സമിതിയെ കുറിച്ച് നടന്നതെന്നും അനിൽകുമാർ പറഞ്ഞു.
താൻ സംസാരിക്കുന്ന ഒരു രീതിയുണ്ട്. തന്റെ ഭാഷയും ശൈലിയുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് താൻ പറഞ്ഞുവെന്ന പേരിൽ പ്രചരിപ്പിച്ചത്. രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ചയും വ്യത്യസ്ത അഭിപ്രായങ്ങളും ഉണ്ടാവും. അതെല്ലാം ക്രോഡീകരിച്ചാണ് പാർട്ടിയുടെ നയം രൂപീകരിക്കുന്നത്. കരുണാകരനും ഉമ്മൻചാണ്ടിക്കും എതിരെയെല്ലാം വിമർശനമുണ്ടായിട്ടുണ്ട്. ഇപ്പോഴുള്ള നേതാക്കൾക്കെതിരെയും വിമർശനമുണ്ടാവും. അതിനപ്പുറം ഏറ്റുമുട്ടലിന്റെ ഒരു സാഹചര്യമില്ലെന്നും അനിൽകുമാർ വ്യക്തമാക്കി.
Adjust Story Font
16

